പൊലീസ് വളണ്ടിയര്‍മാരായി 7592 പേര്‍ രജിസ്റ്റര്‍ ചെയ്തു
757 വനിതകള്‍ ഉള്‍പ്പെടെ 7592 പേര്‍ പൊലീസ് വളണ്ടിയര്‍മാരായി സേവനമനുഷ്ഠിക്കാന്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ വളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 1030 പേര്‍. വിവിധ ജില്ലകളിലായി ശരാശരി 166 വനിതകള്‍ ഉള്‍പ്പെടെ 2364 വളണ്ടിയര്‍മാരാണ് പൊലീസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്. വളണ്ടിയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
മാസ്‌ക് ധരിക്കാത്ത 4716 സംഭവങ്ങള്‍ സംസ്ഥാനത്ത് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റൈന്‍ ലംഘിച്ച 10 പേര്‍ക്കെതിരെയും കേസ്സെടുത്തു. സൗദി അറേബ്യയില്‍നിന്ന് കൂടുതല്‍ വന്ദേഭാരത് മിഷന്‍ വിമാനസര്‍വീസ് വേണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിദേശങ്ങളില്‍നിന്ന് നാട്ടിലെത്തുന്ന കുട്ടികളുടെ തുടര്‍പഠനം ടിസി ലഭിക്കാത്തതുമൂലം തടസ്സപ്പെടാനുള്ള സാധ്യത ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും.
ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവന്‍സായി അരിയും ഒന്‍പത് ഇന പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യ കിറ്റുകള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ അടുത്ത ആഴ്ച മുതല്‍ വിതരണം ചെയ്യും. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.