കോവിഡ്19 പ്രതിരോധം: ചീഫ് സെക്രട്ടറി മാധ്യമ എഡിറ്റർമാരുമായി ചർച്ച നടത്തി

post

കോവിഡ്19 സാഹചര്യത്തിൽ പൊതുവായ വിഷയങ്ങളും വ്യാജ വാർത്തകളും സംബന്ധിച്ച് ചർച്ച
ചെയ്യാൻ മാധ്യമ എഡിറ്റർമാരുമായി ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയിൽ
സെക്രട്ടേറിയറ്റ് പി.ആർ. ചേമ്പറിൽ യോഗം ചേർന്നു. സംസ്ഥാന പ്രമുഖ മാധ്യമ
സ്ഥാപനങ്ങളിലെയും വാർത്താ ഏജൻസികളുടെയും എഡിറ്റർമാർ നേരിട്ടും വീഡിയോ
കോൺഫറൻസിലൂടെയും ചർച്ചയിൽ പങ്കെടുത്തു.

കോവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ടും വ്യാജ വാർത്തകൾ പ്രതിരോധിക്കാനും സംസ്ഥാന
സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾ ചീഫ് സെക്രട്ടറി യോഗത്തിൽ വിശദീകരിച്ചു.
ചർച്ചയിൽ
മാധ്യമ എഡിറ്റർമാർ സർക്കാർ നടപടികളോട് പൂർണ സഹകരണം പ്രഖ്യാപിക്കുകയും
നിരവധി ക്രിയാത്മകമായ നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിച്ചു. വ്യാജ
വാർത്തകൾ തുറന്നുകാട്ടാൻ എല്ലാവിധ സഹകരണവും നൽകുമെന്ന് മാധ്യമങ്ങൾ
അറിയിച്ചു. ഇത്തരത്തിലെ വാർത്തകൾ തുറന്നുകാട്ടാൻ പ്രത്യേക പംക്തികൾ തന്നെ
ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ചാനൽ മേധാവികൾ ചൂണ്ടിക്കാട്ടി.

സാമൂഹ്യമാധ്യമങ്ങളിലും മറ്റും വരുന്ന വ്യാജ വാർത്തകൾ തുറന്നുകാട്ടാൻ സർക്കാർ
നടത്തുന്ന നടപടികളുമായി സഹകരിക്കുമെന്ന് മാധ്യമമേധാവികൾ വ്യക്തമാക്കി.
വാർത്ത ശരിയോ തെറ്റോ എന്ന് ഉറപ്പാക്കാൻ 24 മണിക്കൂറും സംവിധാനം വേണം.
സർക്കാർ ലഭ്യമാക്കുന്ന വാർത്തകൾക്ക് പുറമേ സിംഗിൾ പോയിൻറ് കേന്ദ്രീകൃത
സംവിധാനം വേണം.
നിലവിലുള്ള സംവിധാനത്തിൽ മാറ്റമുണ്ടായാൽ പൂർണവും വ്യക്തവുമായി തീരുമാനമായശേഷം മാത്രം
അറിയിപ്പായി നൽകുക. ടെലിവിഷൻ, പത്രങ്ങൾ, ഓൺലൈനുകൾ എന്നിവയുടെ ഡിജിറ്റൽ
പള്ാറ്റ് ഫോമുകളെ വ്യാജ വാർത്തകൾ തടയാൻ ശക്തമായി ഉപയോഗിക്കണം.
മാധ്യമങ്ങളുടെ ലോഗോ വെച്ച് വ്യാജവാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ
പ്രചരിപ്പിക്കുന്നതിനെതിരെ നടപടി ശക്തമാക്കാൻ സൈബർ സെല്ലിന് നിർദേശം
നൽകണമെന്നും നിർദേശങ്ങൾ വന്നു.
വ്യാജവാർത്തകൾ ലഭിച്ചാലുടൻ ആൻറി ഫേക് ന്യൂസ് ഡിവിഷൻ മുഖേന വ്യക്തത വരുത്തി നൽകുന്നത്
പരിഗണിക്കുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഏകീകൃത കേന്ദ്രത്തിൽ
നിന്ന് അപ്‌ഡേഷനുകൾ ലഭിക്കുന്ന കാര്യവും ശ്രദ്ധിക്കും. നിയന്ത്രണങ്ങളും
ഇളവുകളും സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ
പുലർത്തും. ഹോട്ട് സ്‌പോട്ടുകൾ തീരുമാനിച്ചത് ശാസ്ത്രീയമായി പോസിറ്റീവ്
കേസുകൾ, സമ്പർക്ക കേസുകൾ തുടങ്ങിയവ അവലോകനം ചെയ്തശേഷമാണ്. പോസിറ്റീവ്
കേസുകളുടെ എണ്ണം മാത്രമല്ല, പ്രാഥമിക സമ്പർക്ക പട്ടിക, രണ്ടാംഘട്ട സമ്പർക്ക
പട്ടിക തുടങ്ങിയവ കൂടി ചേർത്ത് പരിഗണിച്ച് ശാസ്ത്രീയമായാണ് ഹോട്ട്
സ്പോട്ടുകൾ തിരഞ്ഞെടുത്തത്. മൂന്നുഘടകങ്ങളിൽ പോസിറ്റീവ് കേസുകൾക്ക് 50
ശതമാനം, പ്രാഥമിക സമ്പർക്ക പട്ടികയ്ക്ക് 35 ശതമാനം, രണ്ടാംഘട്ട സമ്പർക്ക
പട്ടികയ്ക്ക് 15 ശതമാനം എന്ന രീതിയിൽ വെയിറ്റേജ് നൽകിയുള്ള ഫോർമുല
ഉപയോഗിച്ചാണ് ഇത് കണ്ടെത്തിയതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ഡി.ജി.പി
ലോക്നാഥ് ബെഹ്റ, ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത,
ഐ.പി.ആർ.ഡി സെക്രട്ടറി പി. വേണുഗോപാൽ, ഡയറക്ടർ യു.വി ജോസ് എന്നിവരും
പങ്കെടുത്തു.

വിവിധ മാധ്യമങ്ങളിൽ നിന്ന് മാത്യൂസ് വർഗീസ്, എഡിറ്റോറിയൽ ഡയറക്ടർ, മലയാള മനോരമ,
എം. വി. ശ്രേയാംസ്‌കുമാർ, ജോയിൻറ് എം.ഡി മാതൃഭൂമി, എം. ജി. രാധാകൃഷ്ണൻ,
എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസ്, ജോണി ലൂക്കോസ്, ഡയറക്ടർ ന്യൂസ്, മനോരമ
ന്യൂസ്, ഉണ്ണി ബാലകൃഷ്ണൻ, എഡിറ്റർ, മാതൃഭൂമി ന്യൂസ്, വി.എം ഇബ്രാഹിം,
എക്സിക്യൂട്ടീവ് എഡിറ്റർ, മാധ്യമം, എം. രാജീവ്, കൈരളി ടി.വി,  ടി.
നന്ദകുമാർ, കേരള ബ്യൂറോ ചീഫ്, ദ ഹിന്ദു, ദീപു രവി, ചീഫ് എഡിറ്റർ, കേരള
കൗമുദി, കെ. എൻ. ആർ. നമ്പൂതിരി, ചീഫ് എഡിറ്റർ, ജൻമഭൂമി, സൂരജ്, ഡെപ്യൂട്ടി
ഡയറക്ടർ, പി. ഐ. പി, ലെമി ജി. നായർ, ദൂരദർശൻ, രാജീവ് ദേവരാജ്, എഡിറ്റർ,
ന്യൂസ് 18 കേരളം , ബേബി മാത്യു സോമതീരം, ജീവൻ ടിവി, ബി. ദിലീപ്കുമാർ,
24ന്യൂസ്, ജി.കെ. സുരേഷ്ബാബു, ജനം ടിവി, ബി. ശ്രീജൻ, ടൈംസ് ഓഫ് ഇന്ത്യ,
അനിൽ എസ്., ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ജെ. എസ്. ഇന്ദുകുമാർ, അമൃത,
രജീഷ്‌കുമാർ വി. പി, ജയ്ഹിന്ദ്, സി. പി. സെയ്തലവി, എഡിറ്റർ, ചന്ദ്രിക,
സുകുമാരൻ മണി, കലാകൗമുദി, നവാസ് പൂനൂര്, മാനേജിംഗ് എഡിറ്റർ, സുപ്രഭാതം, ടി.
കെ. അബ്ദുൾ ഗഫൂർ, എഡിറ്റർ ഇൻ ചീഫ്, സിറാജ്, ആർ. ഗോപീകൃഷ്ണൻ, മെട്രോ
വാർത്ത, ഇ. പി. ഷാജുദ്ദീൻ, മംഗളം, ടി. സി. മാത്യു, അസോസിയേറ്റ് എഡിറ്റർ,
ദീപിക, ഉഷ റാം മനോഹർ, പി. ടി. ഐ, സന്തോഷ്, യു.എൻ.ഐ തുടങ്ങിയവർ സംബന്ധിച്ചു.

പി.എൻ.എക്സ്.1514/2020