കേരളത്തിന് പുറത്തു നിന്ന് വന്ന 2384 പേർക്ക് ഇതുവരെ കോവിഡ് പോസിറ്റീവ്

post

കേരളത്തിന് പുറത്തു നിന്ന് വന്ന 2384 പേർ ഇതുവരെ കോവിഡ് പോസിറ്റീവായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ 1489 പേർ വിദേശത്തു നിന്നും 895 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മലപ്പുറത്താണ് കൂടുതൽ പേർ പോസിറ്റീവായത്, 289 പേർ. പാലക്കാട് 285 ഉം കണ്ണൂരിൽ 261ഉം പേർ പോസിറ്റീവായി. കേരളത്തിന് പുറത്തു നിന്ന് വന്നവരിൽ ഏറ്റവും കുറവ് വയനാട്, ഇടുക്കി ജില്ലകളിലാണ്, 49 പേർ.

മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളതിൽ കൂടുതൽ പോസിറ്റീവ് കേസുകൾ വന്നത് മഹാരാഷ്ട്രയിൽ നിന്നാണ്, 407 പേർ. തമിഴ്‌നാട്ടിൽ നിന്ന് വന്ന 181 പേർക്കും ഡൽഹിയിൽ നിന്നെത്തിയ 136 പേർക്കും രോഗം സ്ഥിരീകരിച്ചു.

കേരളത്തിന് പുറത്തു നിന്ന് ഇതുവരെ 4,99,529 പേരാണ് വന്നത്. ഇതിൽ 3,14,094 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും 1,85,435 പേർ വിദേശത്തു നിന്നുമാണെത്തിയത്. 3,40,996 പുരുഷൻമാരും 1,58,417 വനിതകളുമാണ് വന്നത്.

ആഭ്യന്തര യാത്രക്കാരിൽ 64.35 ശതമാനം പേർ റെഡ്‌സോൺ ജില്ലകളിൽ നിന്നാണ് എത്തിയത്. ഇതിൽ ഭൂരിഭാഗവും റോഡ് മാർഗമാണ് വന്നത്. മലപ്പുറം ജില്ലയിലാണ് കൂടുതൽ പേർ എത്തിയിരിക്കുന്നത്, 51,707 (16.46 ശതമാനം). കണ്ണൂരിൽ 49,653 പേരും എറണാകുളത്ത് 47990 പേരും എത്തി. ഏറ്റവും കുറവ് ആളുകൾ എത്തിയത് വയനാടാണ്, 12,652.

തമിഴ്‌നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതൽ പേർ വന്നത്. 97,570 പേർ എത്തി. കർണാടകയിൽ നിന്ന് 88031 പേരും മഹാരാഷ്ട്രയിൽ നിന്ന് 47970 പേരും വന്നു. അന്താരാഷ്ട്ര യാത്രക്കാരിൽ യു. എ. ഇയിൽ നിന്നാണ് കൂടുതൽ പേർ വന്നത്, 89749 പേർ. സൗദി അറേബ്യയിൽ നിന്ന് 25,132 പേരും ഖത്തറിൽ നിന്ന് 20,285 പേരും വന്നു. കേരളത്തിന് പുറത്തു നിന്ന് വന്നതിൽ 2553 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.