ആന്റിജൻ ടെസ്റ്റ് ആധികാരികം, ഐ.സി.എം.ആർ അംഗീകൃതം

post

കോവിഡ് സ്ഥിരീകരണത്തിനുള്ള പരിശോധനയിൽ ആൻറിജൻ ടെസ്റ്റ് കൃത്യതയും ആധികാരികതയും ഉറപ്പാക്കുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

കോവിഡ് 19 അതിവേഗം പടരുന്ന സ്ഥലങ്ങളിൽ വേഗത്തിൽ അണുബാധ നിർണ്ണയിക്കുകയും അവർക്കു ചികിത്സ നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. രോഗം ഗുരുതരമാകുന്നത് തടയുന്നതിനും തുടർവ്യാപനം ഉണ്ടാകുന്നത് നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും.

അണുബാധ വേഗത്തിൽ പടരുമ്പോൾ കുറച്ചു സമയത്തിനുളളിൽ പരിശോധനാഫലം ലഭിക്കുന്ന പരിശോധനകൾ ആവശ്യമാണ്. അതിനാലാണ് ആൻറിജൻ ടെസ്റ്റ് അണുവ്യാപനം കൂടുതലുളള സ്ഥലങ്ങളിൽ നടത്തുന്നത്.

ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ഉം ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും ആന്റിജൻ ടെസ്റ്റിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കിയതാണ്. ആൻറിജൻ ടെസ്റ്റിൽ പോസിറ്റിവായി കണ്ടാൽ ഒരാൾ കോവിഡ് 

ബാധിതനാണെന്ന് ഉറപ്പിക്കാമെന്ന് ജൂലൈ ആറിന് ഐ.സി.എം.ആർ വ്യക്തമാക്കിയിട്ടുണ്ട്. മൂക്കിൽ നിന്നും സ്രവം എടുത്തുളള ലളിതമായ പരിശോധനയാണിത്. ചുരുങ്ങിയ സമയത്തിനുളളിൽ (30 മിനിറ്റ്) പരിശോധനാഫലം ലഭിക്കുമെന്നത് പ്രത്യേകതയാണ്. ഈ ടെസ്റ്റിന് 99.3 മുതൽ 100 ശതമാനം വരെ കൃത്യത ഉണ്ടെന്ന് ഐ.സി.എം.ആർ സാക്ഷ്യപ്പെടുത്തുന്നു.

 ആന്റിജൻ ടെസ്റ്റിനെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ വിശ്വസിക്കരുതെന്നും ആധികാരിക വാർത്തകൾ മാത്രം വിശ്വസിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.