ആന്റിജൻ ടെസ്റ്റും പി സി ആർ ടെസ്റ്റും ഒരു പോലെ രോഗനിർണയത്തിന് സഹായകം - മുഖ്യമന്ത്രി
* ആന്‍റിജന്‍ ടെസ്റ്റിന് അരമണിക്കൂര്‍ സമയം മതി
ആന്‍റിജന്‍ ടെസ്റ്റിനെ പറ്റി ബോധപൂര്‍വം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആന്റിജൻ ടെസ്റ്റും പി സി ആർ ടെസ്റ്റും ഒരു പോലെ രോഗനിർണയത്തിന് സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിന് പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. ന്യൂക്ലിക്ക് ആസിഡ് എന്ന ഉള്‍ ഭാഗവും പ്രോട്ടിന്‍ എന്ന പുറം ഭാഗവും. പിസിആര്‍ ടെസ്റ്റ് ന്യൂക്ലിയിക്ക് ആസിഡ് ഭാഗവും ആന്‍റിജന്‍ ടെസ്റ്റ് പ്രോട്ടീന്‍ ഭാഗവുമാണ് ടെസ്റ്റ് ചെയ്യുന്നത്. രണ്ടും ഒരു പോലെ രോഗനിര്‍ണ്ണയത്തിന് സഹായകരമാണ്. പിസിആര്‍ ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് കിട്ടാന്‍ നാലു മുതല്‍ ആറു മണിക്കൂര്‍ വരെ സമയം വേണ്ടിവരും. പ്രത്യേകമായി സജ്ജീകരിച്ച ലാബുകളുടെയും യന്ത്രങ്ങളുടെയും സഹായവും വേണം.
ആന്‍റിജന്‍ ടെസ്റ്റിന് അരമണിക്കൂര്‍ സമയം മതി. ടെസ്റ്റ് നടത്തുന്നിടത്ത് വച്ചു തന്നെ ഫലം അറിയാം. ലാബറട്ടറിയില്‍ അയക്കേണ്ടതില്ല. രണ്ടിനും ചില പരിമിതികളുമുണ്ട്. രോഗം ഭേദമായി കഴിഞ്ഞാലും ചിലരില്‍ പിസിആര്‍ ടെസ്റ്റ് പോസിറ്റീവ് ആയെന്ന് വരാം. വൈറസിന്‍റെ ചില ഭാഗങ്ങള്‍ തുടര്‍ന്നും പുറത്തുവരുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ആന്‍റിജന്‍ ടെസ്റ്റ് ചെയ്താല്‍ നെഗറ്റീവായിരിക്കും. അതുപോലെ രോഗലക്ഷണമുള്ളവരില്‍ ആന്‍റിജന്‍ ടെസ്റ്റ് നെഗറ്റീവായാല്‍ പോലും ഒരു സുരക്ഷക്കു വേണ്ടി പിസിആര്‍ ടെസ്റ്റ് നടത്താറുമുണ്ട്.
ഇതുപോലെ ആന്‍റിബോഡീ ടെസ്റ്റുമുണ്ട്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ആന്‍റി ബോഡീ (പ്രതി വസ്തു) പരിശോധിക്കാനാണ് ആന്‍റിബോഡി ടെസ്റ്റ് ചെയ്യുന്നത്.
കോവിഡ് സ്ക്രീനിങ്ങിനായി ആന്‍റിജന്‍ ടെസ്റ്റ് ആണ് പരക്കെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. പ്രാഥമികമായി ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത് എന്നതിനാല്‍ മൂക്കിന്‍റെ പിന്‍ഭാഗത്തും തൊണ്ടയിലും ആയിരിക്കും വൈറസിന്‍റെ സാന്നിദ്ധ്യം കൂടുതല്‍ കാണുന്നത്. ആ ഭാഗങ്ങളിലുള്ള സ്രവമാണ് പരിശോധനക്ക് എടുക്കുന്നത്. ആന്‍റിജന്‍ ടെസ്റ്റാണ് ഏറ്റവും നല്ല സ്ക്രീനിങ് ടെസ്റ്റ് എന്നതുകൊണ്ടു തന്നെയാണ് അത് ഉപയോഗിക്കുന്നത്. ഇതിനെ മറ്റൊരു അര്‍ത്ഥത്തില്‍ പ്രചരിപ്പിക്കുന്നത് സമൂഹത്തോടു തന്നെയുള്ള അക്രമവും വെല്ലുവിളിയുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.