സ്‌കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

post

പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. അരിയും ഒമ്പതിന പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷ്യകിറ്റുകൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു.

സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  കൊവിഡ് വ്യാപനത്തെത്തുടർന്ന് മാർച്ച് മാസത്തിൽ 15 ദിവസത്തേക്ക് സ്‌കൂളുകൾ അടച്ചിടേണ്ടിവന്നു. ആ ദിവസങ്ങളും ഏപ്രിൽ മെയ് മാസങ്ങളിലെ അവധി ദിവസങ്ങളുമൊഴിവാക്കിയതിനു ശേഷമുള്ള 39 ദിവസങ്ങൾക്കുള്ള ഭക്ഷ്യഭദ്രതാ അലവൻസാണിപ്പോൾ കുട്ടികൾക്ക് നൽകുന്നത്. സ്‌കൂൾ തുറക്കാത്ത സാഹചര്യത്തിൽ രക്ഷിതാക്കൾ വഴിയാണ് കിറ്റുകൾ വീടുകളിൽ എത്തിക്കുക. കേന്ദ്ര വിഹിതമുൾപ്പെടെ 81.37 കോടി രൂപയാണ് ഇതിന് ചെലവ്. ജൂൺ, ജൂലൈ മാസങ്ങളിലെ ഭക്ഷ്യകിറ്റുകളും ഇതേ രീതിയിൽ വിതരണം ചെയ്യും.

സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാനാകാത്ത സ്ഥിതിയിൽ ആരംഭിച്ച ഓൺലൈൻ വിദ്യാഭ്യാസ പരിപാടി വിജയപ്രദമായി നടപ്പാക്കാൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കി. അക്കാര്യത്തിൽ നാടും നാട്ടുകാരും സ്ഥാപനങ്ങളും വ്യക്തികളും നല്ലനിലയിൽ സഹായിച്ചു.  ഓൺലൈൻ സൗകര്യം ലഭിക്കാതെ ഏതെങ്കിലും കുട്ടികൾ ഇനിയും ഉണ്ടെങ്കിൽ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപെടുത്തിയാൽ അടിയന്തര പരിഹാരം ഉണ്ടാക്കും. കുട്ടികൾ കളിച്ചും പഠിച്ചും വളരുന്നവരാണ്. ക്ലാസുമുറിയുടെയോ സ്‌കൂളിന്റെയോ അന്തരീക്ഷം ഓൺലൈൻ ക്ലാസുകളിൽ ലഭിക്കില്ല. ഇത് ഒരു താൽകാലിക സംവിധാനമാണ്. സ്ഥിതിഗതികൾ മെച്ചപ്പെട്ട് ക്ലാസുകൾ ആരംഭിക്കാൻ സജ്ജമായാൽ ഒരു നിമിഷം താമസിയാതെ സ്‌കൂൾ പ്രവർത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഡയറക്ടർ ജീവൻബാബു. കെ, സിവിൽ സപ്ലൈസ് വകുപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. ബി. അശോക് എന്നിവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.