കോവിഡ് വ്യാപനത്തിന്റെ നിർണായകഘട്ടം, നല്ലതോതിൽ ആശങ്ക വേണം- മുഖ്യമന്ത്രി

post

കോവിഡ്-19 വ്യാപനത്തിൽ ഏറ്റവും നിർണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നതെന്നും നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഒരു ഘട്ടമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നഗരങ്ങൾ കേന്ദ്രീകരിച്ച് മൾട്ടിപ്പിൾ ക്ളസ്റ്ററുകൾ രൂപം കൊള്ളാനും സൂപ്പർ സ്പ്രെഡിലേയ്ക്ക് നയിക്കാനുമുള്ള സാധ്യത ഏറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ വൻ നഗരങ്ങളിൽ പലതിലും ഈ സ്ഥിതിവിശേഷം സംഭവിക്കുകയും കാര്യങ്ങൾ നിയന്ത്രണാതീതമാവുകയും ചെയ്യുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്ത് പൂന്തുറയിൽ ആണ് ആദ്യത്തെ സൂപ്പർ സ്പ്രെഡിങ് ഉണ്ടായത്.  ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കോവിഡിന്റെ കാര്യത്തിൽ വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ആളുകൾ കൂട്ടം കൂടുന്നത് ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ല. വായു സഞ്ചാരമുള്ള മുറികളിൽ കഴിയുക എന്നത് വളരെ പ്രധാനമാണ്. ചില കടകളിൽ ആളുകൾ കയറിയതിനു ശേഷം ഷട്ടറുകൾ അടച്ചിടുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതും അനുവദനീയമല്ല. വായു സഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിൽ രോഗം വളരെ പെട്ടെന്ന് പടരും. പരിശോധനയുടെ തോത് ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനകം 12,592 സാമ്പിളുകൾ പരിശോധിച്ചു.

ഒരു മത്സ്യ മാർക്കറ്റിലുണ്ടായ രോഗവ്യാപനം തിരുവനന്തപുരം നഗരത്തെ മുഴുവൻ ലോക്ക്ഡൗണിലേക്കാണ് നയിച്ചത്. നഗരത്തിന്റെ വിവിധ മേഖലകളിലേയ്ക്ക് രോഗം എത്തിയിട്ടുണ്ട് എന്നാണ് ഇന്നത്തെ പരിശോധനാ ഫലം തെളിയിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ ആര്യനാടും സമാനമായ സാഹചര്യമാണ്.

തലസ്ഥാന നഗരത്തിൽ മാത്രമല്ല കൊച്ചിയിലും സമാന വെല്ലുവിളി നേരിടുന്നുണ്ട്. എപ്പോൾ വേണ്ടിവന്നാലും നിയന്ത്രണം കൂടുതൽ കടുപ്പിക്കേണ്ട സാഹചര്യമാണ്. ഇത് സംസ്ഥാനത്തിനാകെ ബാധകമാണ്. നാം ആരും അതിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നവരാണ് എന്ന ബോധം വേണ്ട.

നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടുന്നില്ലെങ്കിൽ സമ്പർക്ക വ്യാപനം സൂപ്പർ സ്പ്രെഡിലെത്താനും സമൂഹവ്യാപനത്തിലെത്താനും അധികംസമയം വേണ്ട. സ്വയം നിയന്ത്രണത്തിന്റെ തലം സൃഷ്ടിക്കണം. അത്യാവശ്യ കാര്യങ്ങൾക്കു വേണ്ടി മാത്രമേ നാം പുറത്തേക്കിറങ്ങാവൂ. എവിടേയും ആൾക്കൂട്ടം ഉണ്ടാകരുത്. റിവേഴ്സ് ക്വാറന്റെനിലുള്ളവരുടെ വീടുകളിലേയ്ക്ക് അനാവശ്യ സന്ദർശനങ്ങൾ പാടില്ല.

ഫീൽഡ് നിരീക്ഷണം, ചെക്ക്പോസ്റ്റ്  നിരീക്ഷണം, റോഡ്, റെയിൽ നിരീക്ഷണം, വിമാനത്താവള നിരീക്ഷണം എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട്. സെന്റിനൽ സർവയലൻസ് ഊർജിതപ്പെടുത്തുകയും ആന്റിജൻ പരിശോധന വ്യാപകമാക്കുകയും ചെയ്തു. രോഗവ്യാപനത്തിന്റെ ഭൂമിശാസ്ത്രപരമായ മാപ്പിങ് നടത്തുന്നു.

പ്രൈമറി കോണ്ടാക്ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ തരംതിരിച്ച് കോണ്ടാക്ട് ട്രെയ്സിങ് വിപുലമാക്കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോൺ പ്രദേശത്തെ എല്ലാ ആളുകളെയും ക്വാറന്റൈൻ ചെയ്യും. അനാവശ്യ സഞ്ചാരം ഒഴിവാക്കുന്നതിന് പൊലീസ് ഇടപെടുന്നുണ്ട്.

കേസുകളുടെ ട്രെൻഡും ദൈനംദിന റിപ്പോർട്ടുകളും വിലയിരുത്തിയാണ് നടപടി സ്വീകരിക്കുന്നത്. ആരോഗ്യം, പൊലീസ്, മീഡിയ, ഫയർ ഫോഴ്സ്, റവന്യൂ, ഭക്ഷ്യസുരക്ഷ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ടൂറിസം എന്നിവയുമായി ഏകോപനം ഉറപ്പാക്കി. ആരോഗ്യ പ്രവർത്തകർ, ആർആർടി ടീം, പൊലീസ്, ടൂറിസം വകുപ്പ് തുടങ്ങിയവയ്ക്ക് പരിശീലനങ്ങളും നടത്തുന്നുണ്ട്. ഇതോടൊപ്പം കോവിഡുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾ സർക്കാർ, സ്വകാര്യ മേഖലകളിൽ നടക്കുന്നുമുണ്ട്.

സൂപ്പർ സ്പ്രെഡിലേക്ക് പോയ പൂന്തുറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രത്യേകം ക്ലസ്റ്ററായി തിരിച്ചു. രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ പരിശോധനകൾ വ്യാപിപ്പിച്ചു. അതിർത്തിക്കപ്പുറത്ത് നിന്നും വരുന്നവർക്കായി ആശുപത്രികളിൽ പ്രത്യേകം ഒപി തുടങ്ങും. കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കും.

രോഗബാധിതരെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിനും ക്വാറന്റൈനിലാക്കുന്നതിന്റേയും ഭാഗമായി വിവിധ വിഭാഗങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് വിപുലമായ പരിശോധനകളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ഗൈഡ്ലൈനും ആരോഗ്യ വകുപ്പ് പുറത്തിറക്കി. റുട്ടീൻ ആർടിപിസിആർ പരിശോധനയ്ക്ക് പുറമേ സെന്റിനൽ സർവയലൻസിന്റെ ഭാഗമായി റാപ്പിഡ് ആന്റിജൻ ബേസ്ഡ് ടെസ്റ്റിങ്ങും നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതുകൂടാതെയാണ് 5 ക്ലസ്റ്റുകളായി തിരിച്ച് അവർക്ക് പ്രത്യേക പരിശോധന നടത്തുന്നത്. ക്ലസ്റ്റർ ഒന്നിൽ കണ്ടെയ്ൻമെന്റ് സോണിലെ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ജെഎച്ച്ഐ, ജെപിഎച്ച്, ആശാവർക്കർ, ആബുലൻസുകാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകരാണുള്ളത്. ക്ലസ്റ്റർ രണ്ടിൽ സമൂഹവുമായി അടുത്തിടപഴകുന്ന തദ്ദേശസ്വയംഭരണ മെമ്പർമാർ, വളണ്ടിയർമാർ, ഭക്ഷണ വിതരണക്കാർ, കച്ചവടക്കാർ, പൊലീസുകാർ, മാധ്യമ പ്രവർത്തകർ, ഡ്രൈവർമാർ, ഇന്ധന പമ്പ് ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ബാങ്ക്, ഓഫീസ് ജീവനക്കാർ എന്നിവരാണുള്ളത്.

ക്ലസ്റ്റർ മൂന്നിൽ കണ്ടെയ്ൻമെന്റ് സോണിലെ  ഗർഭിണികൾ, പ്രസവം കഴിഞ്ഞ അമ്മമാർ, വയോജനങ്ങൾ, ഗുരുതര രോഗമുള്ളവർ, 10 വയസിന് താഴെയുള്ള കുട്ടികൾ എന്നിവരാണുള്ളത്.

ക്ലസ്റ്റർ നാലിൽ അതിഥി തൊഴിലാളികൾക്കാണ് പരിശോധന നടത്തുത്. ഈ നാല് ക്ലസ്റ്ററുകളിലും സിഎൽഐഎ ആന്റിബോഡി പരിശോധനയാണ് നടത്തുന്നത്. ക്ലസ്റ്റർ അഞ്ചിൽ രോഗം സ്ഥിരീകരിച്ചവരുടെ സമീപ പ്രദേശങ്ങളിലുള്ളവർക്കാണ് പരിശോധന നടത്തുന്നത്. റാപ്പിഡ് ആന്റിജൻ ടെസ്റ്റാണ് ഇവർക്ക് നടത്തുന്നത്. ദ്രുതഗതിയിലുള്ള പരിശോധനകളിലൂടെ രോഗബാധിതരെ പെട്ടെന്നു കണ്ടുപിടിക്കുന്നതിനും വ്യാപനം ചെറുക്കുതിനും സാധിക്കുന്നു.

ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുകയും വേണം. വിട്ടുവീഴ്ച ചെയ്താൽ അതിന്റെ പ്രത്യാഘാതം വലുതാണ്.

വളരെ കർശനമായ ട്രിപ്പിൾ ലോക്ക്ഡൗൺ ആണ് നടപ്പാക്കുന്നത്. ജനങ്ങൾ ഒരു കാരണവശാലും പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താൻ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. കമാണ്ടോകളുടെ സേവനവും ഉപയോഗിച്ചു. കമാണ്ടോകളും മുതിർന്ന ഓഫീസർമാരും ഉൾപ്പെടെ 500 പൊലീസ് ഉദ്യോഗസ്ഥരെയാണ് പൂന്തുറയിൽ മാത്രം വിന്യസിച്ചിരിക്കുന്നത്. മത്സ്യബന്ധന ബോട്ടുകൾ കടലിലൂടെ തമിഴ്നാട്ടിലേയ്ക്ക് പോകുന്നതും വരുന്നതും തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തമിഴ്നാട് പൊലീസുമായുള്ള സഹകരണം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.