തദ്ദേശസ്ഥാപനങ്ങൾക്കുള്ള മൂന്നാംഗഡു പദ്ധതി വിഹിതം അടുത്താഴ്ച - മുഖ്യമന്ത്രി

post

തദ്ദേശസ്ഥാപനങ്ങൾക്കുള്ള മൂന്നാംഗഡു പദ്ധതി വിഹിതം അടുത്താഴ്ച അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക് വഹിക്കുന്ന സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതിനായുള്ള ചെലവുകൾക്ക് ഒരു തടസ്സവും ഉണ്ടാകരുത് എന്നാണ് സർക്കാർ നിലപാട്.

രണ്ടു ഗഡു പദ്ധതി വിഹിതം നേരത്തെ നൽകിയിട്ടുണ്ട്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള ക്വാറൻറൈൻ, റിവേഴ്‌സ് ക്വാറൻറൈൻ, ആശുപത്രികൾക്കുള്ള അധികസഹായം, ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകൾ സ്ഥാപിക്കൽ, കമ്യൂണിറ്റി കിച്ചൻ നടത്തിപ്പ് തുടങ്ങിയവയ്ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ മുൻകൂർ അനുമതിയില്ലാതെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പ്ലാൻഫണ്ടിൽനിന്ന് തുക ചെലവഴിക്കാം. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ട്രഷറിയിൽ ഏർപ്പെടുത്തും. ജില്ലാ ആസൂത്രണ സമിതികൾ ഇത്തരം പ്രൊജക്ടുകൾ പിന്നീട് സാധൂകരിച്ചാൽ മതി.

ഇത്തരത്തിൽ പ്രൊജക്ടുകൾക്കുവേണ്ടി ചെലവഴിക്കുന്ന പണത്തിൽ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദനീയമായ പ്രൊജക്ടുകൾക്കുള്ള തുക ജില്ലാ കലക്ടറിൽനിന്നും റീ ഇമ്പേഴ്‌സ്‌മെൻറായി അനുവദിക്കും. തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം. ബാക്കിയുള്ള പണം പദ്ധതിവിഹിതത്തിന്റെ ഭാഗമായി അധികമായി അനുവദിക്കും.

ദുരിതാശ്വാസ നിധിയിൽനിന്നും ആവശ്യമായ അധിക പണം ലഭ്യമാക്കുന്നതിന് നിർദേശം കലക്ടർമാർക്ക് നൽകിയിട്ടുണ്ട്. ഇതിനുപുറമെ ആവശ്യാനുസരണം ചെലവഴിക്കുന്നതിന് സിഎംഡിആർഎഫിൽനിന്നും അവർക്ക് അധിക പണം ലഭ്യമാക്കും.

 പണമില്ല എന്ന കാരണത്താൽ കോവിഡ് പ്രതിരോധം മുടങ്ങാൻ പാടില്ല. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇതനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ഊർജസ്വലതയോടെ മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.