ക്ളസ്റ്റർ കണ്ടെയ്ൻമെൻറ് സ്ട്രാറ്റജിയിലൂടെ രോഗവ്യാപനം തടയാൻ ശ്രമം

post

ക്ളസ്റ്ററുകൾ രൂപപ്പെടുന്ന സ്ഥലങ്ങളിൽ കൃത്യമായ ക്ളസ്റ്റർ കണ്ടെയ്ൻമെൻറ് സ്ട്രാറ്റജി നടപ്പിലാക്കി രോഗവ്യാപനം തടയാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  കഴിഞ്ഞദിവസം വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ നിലവിലുള്ളത് 10 ലാർജ് കമ്യൂണിറ്റി ക്ളസ്റ്ററുകൾ ഉൾപ്പെടെ 84 ക്‌ളസ്റ്ററുകളാണ്. ഇവ രൂപപ്പെട്ട സ്ഥലങ്ങളിലും, രൂപപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിലും കേന്ദ്രീകൃതമായ രീതിയിൽ ലോക്ഡൗൺ നടപ്പിലാക്കുകയും, മറ്റു പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.

കോവിഡുമായി ബന്ധപ്പെട്ട് പരക്കുന്ന തെറ്റിദ്ധാരണകൾ നിരവധിയാണ്. വെറും ജലദോഷം പോലുള്ള ഒരു അസുഖമാണ് എന്നതാണ് ഒരു തെറ്റിദ്ധാരണ. രോഗപ്രതിരോധശക്തി ഉണ്ടാകണമെങ്കിൽ കൊറോണ വൈറസ് ശരീരത്തിൽ ആദ്യം പ്രവേശിക്കണമെന്ന് മറ്റൊരു തെറ്റായ പ്രചാരണമുണ്ട്. കുട്ടികൾക്ക് താരതമ്യേന ദോഷകരമല്ല ഈ രോഗം എന്നതാണ് മറ്റൊരു പ്രചാരണം. മികച്ച രോഗപ്രതിരോധ ശക്തിയുള്ളവരെ ഇതു ബാധിക്കുകയേ ഇല്ല എന്ന് പറഞ്ഞുനടക്കുന്നവരുണ്ട്.

ജനസംഖ്യയുടെ ഒരു നിശ്ചിത ശതമാനത്തിനപ്പുറം രോഗബാധയുണ്ടാവില്ല എന്നു പറയുന്നവരും ഒരിക്കൽ വന്നു ഭേദപ്പെട്ടാൽ പിന്നെ സുരക്ഷിതമാണ് എന്നു പ്രചരിപ്പിക്കുന്നവരുമുണ്ട്. മറ്റൊരു കൂട്ടർ പറയുന്നത് ഇതര രോഗമുള്ളവർ മാത്രമേ കോവിഡ്മൂലം മരിക്കുകയുള്ളു എന്നാണ്. ഈ പ്രചാരണങ്ങൾക്കൊന്നും ശാസ്ത്രത്തിന്റെ പിൻബലമില്ല എന്ന് നാം ഓർമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ രോഗം ഭേദപ്പെടുത്താവുന്ന സ്പെഷ്യലൈസ്ഡ് മരുന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. വാക്സിൻ വികസിപ്പിച്ചിട്ടില്ല. ഒരു വാക്സിൻ ഫലപ്രദമാണ് എന്നുറപ്പുവരുത്താൻ 12 മുതൽ 18 മാസം വരെയെടുക്കും എന്നാണ് ശാസ്ത്രലോകം പറയുന്നത്. കൊവിഡ് 19 ഉമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ആരംഭിച്ചിട്ട് ആറു മാസമേ ആയിട്ടുള്ളൂ. അതായത് ഇനിയും സമയമെടുക്കും.

ജീവന്റെ വിലയുള്ള ജാഗ്രതയാണ് ഈ ഘട്ടത്തിൽ അനിവാര്യം. അത് ഉൾക്കൊള്ളാത്ത ചില ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം വൈകുന്നേരം ചിലയിടങ്ങളിൽ കണ്ടത്. ചില സ്ഥലങ്ങളിൽ ജാഗ്രതയെ കാറ്റിൽപ്പറത്തുന്ന തരത്തിലുള്ള തിക്കും തിരക്കുമുണ്ടായി. അതൊരിക്കലുമുണ്ടാകാൻ പാടില്ലായിരുന്നു. പ്രതിരോധമാണ് പ്രധാനം.

രോഗം വരാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. ഇത് സ്വകാര്യ ബസുകളിലും മറ്റും യാത്ര ചെയ്യുന്നവർക്കും ബാധകമാണ്.

എറണാകുളത്തും വടക്കൻ ജില്ലകളിലും മറ്റും ബസുകളിൽ അമിതമായി തിരക്കുണ്ടാകുന്നുണ്ട്. കൃത്യമായി മാസ്‌ക് ധരിച്ചാൽ രോഗം പടരുന്നത് ഏറെക്കുറെ പൂർണമായും തടയാനാകും. ഇക്കാര്യത്തിൽ പരസ്പരം പ്രേരിപ്പിക്കാനും കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.