All News

post

കോവിഡിനെ അതിജീവിച്ച് 110 വയസുകാരി: മഞ്ചേരി മെഡിക്കൽ കോളേജിന് അഭിമാന നിമിഷം

29th of August 2020

* സംസ്ഥാനത്ത് കോവിഡിനെ അതിജീവിച്ച ഏറ്റവും പ്രായംകൂടിയ വ്യക്തി

കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ സംസ്ഥാനത്തിന് ഒരഭിമാന നിമിഷം കൂടി. കോവിഡ് ബാധിച്ച് മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയിലായിരുന്ന 110 വയസുകാരി കോവിഡ് മുക്തയായി. രണ്ടത്താണി വാരിയത്ത് പാത്തുവാണ് കോവിഡിനെ അതിജീവിച്ച് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. സംസ്ഥാനത്ത് കോവിഡിൽ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ഇവർ.പ്രായം തടസമാകാതെ വിദഗ്ധ ചികിത്സ നൽകി കോവിഡിന്റെ പിടിയിൽ നിന്നും 110 വയസുകാരിയെ രക്ഷിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും 105 വയസുകാരി അഞ്ചൽ സ്വദേശിനി അസ്മ ബീവി, എറണാകുളം കളമശേരി മെഡിക്കൽ കോളേജിൽ നിന്നും 103 വയസുകാരൻ ആലുവ മാറമ്പള്ളി സ്വദേശി പരീദ് എന്നിവർ അടുത്തിടെ കോവിഡ് മുക്തി നേടിയിരുന്നു. ചികിത്സയ്ക്ക് നേതൃത്വം നൽകിയ മെഡിക്കൽ കോളേജിലെ എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.ആഗസ്റ്റ് 18നാണ് പാത്തുവിന് രോഗം സ്ഥിരീകരിച്ചത്. മകളിൽ നിന്ന് സമ്പർക്കത്തിലൂടെയാണ് പാത്തു രോഗബാധിതയായത്. നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഇവർക്ക് ഉണ്ടായിരുന്നത്. പരിഭ്രമങ്ങളില്ലാതെ ശാന്തമായാണ് ഇവർ ചികിത്സയോട് പ്രതികരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.രോഗമുക്തി നേടി പൂർണ ആരോഗ്യവതിയായി തിരിച്ചു വന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പാത്തുവിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. മികച്ച പരിചരണം നൽകിയ ആശുപത്രി ജീവനക്കാർക്കും സർക്കാരിനും ആരോഗ്യവകുപ്പിനും അവർ നന്ദി രേഖപ്പെടുത്തി. ഇനി 14 ദിവസം കൂടി പാത്തു വീട്ടിൽ നിരീക്ഷണത്തിൽ തുടരും.കോവിഡ് നോഡൽ ഓഫീസർ ഡോ. പി ഷിനാസ് ബാബു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അഫ്‌സൽ, ആർഎംഒമാരായ ഡോ. ജലീൽ, ഡോ. സഹീർ നെല്ലിപ്പറമ്പൻ എന്നിവർ ചേർന്നാണ് പാത്തുവിനെ യാത്രയാക്കിയത്.  


post

കണ്ണൂരിൽ രോഗമുക്തി നേടിയവരില്‍ 96കാരി ആമിനുമ്മയും

9th of August 2020

കേരള സര്‍ക്കാരിനൊരു ബിഗ് സല്യൂട്ട്! കോവിഡിനെ തോല്‍പിച്ച് വീട്ടിലേക്കു മടങ്ങാനൊരുങ്ങുന്ന 96 കാരി ആമിനുമ്മയുടെ മകന്‍ അക്ബര്‍ അലിയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. തയ്യില്‍ സ്വദേശിനി പുതിയ പുരയില്‍ ആമിനുമ്മ ജൂലൈ 25നാണ് കോവിഡ് ബാധിച്ച് അഞ്ചരക്കണ്ടി ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നത്.

കല്യാണ വീട്ടില്‍ നിന്നും രോഗവുമായെത്തിയ മകളില്‍ നിന്നാണ് ആമിനുമ്മയ്ക്ക് കോവിഡ് ബാധിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ആശങ്ക ഉണ്ടായിരുന്നെങ്കിലും അവിടെ എത്തിയപ്പോള്‍ എല്ലാം അസ്ഥാനത്തായെന്നും കോവിഡ് സെന്ററില്‍ നിന്നും ലഭിച്ച കരുതലും സ്‌നേഹവും വാക്കുകള്‍ക്കപ്പുറത്തായിരുന്നുവെന്നും അദ്ദേഹംപറഞ്ഞു.

ഉമ്മയക്ക് രക്തസമ്മര്‍ദ്ദം ഉണ്ട്. കാലിനു വയ്യായ്കയും കേള്‍വിക്കുറവും ഉണ്ട്. പക്ഷെ ഉമ്മയുടെ കാര്യങ്ങള്‍ക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ഒരു കുറവും വരുത്തിയിട്ടില്ല. പരിശോധന ഫലം നെഗറ്റീവായതോടെ ഉമ്മ ഏറെ സന്തോഷത്തിലാണെന്നും ഇദ്ദേഹം പറഞ്ഞു. അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലെ നോഡല്‍ ഓഫീസര്‍ ഡോ. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറയാനും അദ്ദേഹം മറന്നില്ല

ആമിനുമ്മയ്ക്ക് കോവിഡ് വാര്‍ഡില്‍ കൂട്ടായി കിട്ടിയ ആസിയയുടെയും ഫലം കൂടി നെഗറ്റീവായതോടെ ഇവരുടെ സന്തോഷത്തിന് ഇരട്ടി മധുരം. ഇരിക്കൂര്‍ പെടേണ്ടോട് സ്വദേശി ആസിയക്ക് വയസ്സ് 86. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഒക്കെ പ്രശ്‌നക്കാരായെങ്കിലും അതിലും വലിയ വില്ലനെ കീഴടക്കിയ സന്തോഷമായിരുന്നു ഈ ഉമ്മയ്ക്കും. തിരികെ വീട്ടിലേക്കു പോകുമ്പോള്‍ സ്‌നേഹവും സാന്ത്വനവും നല്‍കിയ കുറെ കരങ്ങളാണ് ഇവരുടെ മനസില്‍ മായാതെ നില്‍ക്കുന്നത്.


post

കോവിഡിനെ തോല്‍പ്പിച്ച് ഐവിഎഫിലൂടെ ഇരട്ടക്കുട്ടികള്‍

1st of August 2020

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ 50-ാമത്തെ കോവിഡ് പോസിറ്റീവായ ഗര്‍ഭിണി

കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുകയാണ്. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32 കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ഇതാദ്യമായാണ് കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഐ.വി.എഫ്. ചികിത്സ വഴി ഗര്‍ഭം ധരിച്ച കോവിഡ് പോസിറ്റീവായ ഒരു യുവതി രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയതും ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുന്ന അമ്പതാമത്തെ കോവിഡ് പോസിറ്റീവ് ഗര്‍ഭിണിയാണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഒമ്പതാമത്തെ സിസേറിയന്‍ വഴിയുള്ള പ്രസവമാണിത്.

ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന ഈ സമയത്ത് ഇതുപോലുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യന്ന വലിയ സേവനങ്ങളുടെ ഉദാഹരണമാണിത്. കുഞ്ഞിനും അമ്മയ്ക്കും എല്ലാവിധ ആശംസകളും നേരുന്നതായും മന്ത്രി വ്യക്തമാക്കി.

സിസേറിയനിലൂടെ ഉച്ചയ്ക്ക് 12.30 മണിയോടെയാണ് 2 ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും കോവിഡ് രോഗത്തെ തുടര്‍ന്നുള്ള പ്രതിസന്ധികളും ഇരട്ടക്കുട്ടികളാണെന്നതും സര്‍ജ്ജറി സങ്കീര്‍ണമാക്കിയിരുന്നു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എസ്. അജിത്ത്, അസോ. പ്രൊഫസര്‍ ഡോ. മാലിനി എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് പൂര്‍ണ കോവിഡ് സുരക്ഷാ സംവിധാനങ്ങളോടെ സര്‍ജ്ജറി നടത്തിയത്. 24 ന് നടത്തിയ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റില്‍ പോസിറ്റീവായതിനെത്തുടര്‍ന്ന് പ്രത്യേക കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സ തുടരുന്ന യുവതിയുടെ ഒടുവില്‍ നടത്തിയ ആന്റിജെന്‍ ടെസ്റ്റ് റിസള്‍ട്ട് വന്നപ്പോള്‍ ഫലം നെഗറ്റീവായിട്ടുണ്ട്. അമ്മയുടേയും 2 കുട്ടികളുടേയും ആരോഗ്യനില നിലവില്‍ ആശങ്കാജനകമല്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപ്, പ്രിന്‍സിപ്പാള്‍ ഡോ. കെ.എം. കുര്യാക്കോസ് എന്നിവര്‍ അറിയിച്ചു.

സംസ്ഥാനത്താദ്യമായി ഒരു കോവിഡ് പോസിറ്റീവ് രോഗി പ്രസവിച്ചതും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു. സംസ്ഥാനത്ത് കോവിഡ് പോസിറ്റീവായ കൂടുതല്‍ ഗര്‍ഭിണികള്‍ ചികിത്സ തേടിയതും പരിയാരത്താണ്. മാത്രമല്ല, കോവിഡ് പോസിറ്റീവായ ഗര്‍ഭിണിയായ യുവതി ഉള്‍പ്പടെ കുടുംബാംഗങ്ങളാകെ ചികിത്സ തേടി പ്രസവിച്ച യുവതിയും കുഞ്ഞും ഉള്‍പ്പടെ കുടുംബാംഗങ്ങളാകെ കോവിഡ് രോഗമുക്തി നേടിയതും ഇത്തരത്തില്‍ രോഗമുക്തി നേടി നാല് കുടുംബങ്ങള്‍ ആശുപത്രി വിട്ടതും പരിയാരത്ത് നിന്നുള്ള മുന്‍കാഴ്ചകളായിരുന്നു.


post

കേരളത്തിന് അഭിമാനിക്കാം: 105 വയസുകാരിക്ക് കോവിഡ് രോഗമുക്തി

29th of July 2020

കോവിഡ് ചികിത്സാ രംഗത്ത് അഭിമാനമായി 105 വയസുകാരി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചല്‍ സ്വദേശിനിയായ അസ്മ ബീവിയാണ് കോവിഡില്‍ നിന്നും മുക്തയായി ആശുപത്രി വിട്ടത്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയെയാണ് ചികിത്സിച്ച് ഭേദമാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ 93, 88 വയസുള്ള വൃദ്ധ ദമ്പതികളെ നേരത്തെ ചികിത്സിച്ച് ഭേദമാക്കിയിരുന്നു.

മകളില്‍ നിന്നാണ് അസ്മാ ബീവിക്ക് രോഗബാധയുണ്ടായത്. ജൂലൈ 20ന് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ എത്തിയ ഇവര്‍ക്ക് പനിയും ചുമയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. ഇതോടൊപ്പം പ്രായാധിക്യത്തിന്റെ അവശതകളും ഉണ്ടായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയായിരുന്നു. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. എല്ലാ ദിവസവും ഇവരുടെ ആരോഗ്യ നില മെഡിക്കല്‍ ബോര്‍ഡ് പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തി ചികിത്സ ക്രമീകരിച്ചു. ഇവരുടെ പരിചരണത്തിനായി പ്രത്യേക ശ്രദ്ധയും നല്‍കിയിരുന്നു. പല സമയത്തും ഗുരുതരാവസ്ഥയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും കൃത്യമായ ചികിത്സയും പരിചരണവും ഒപ്പം രോഗിയുടെ മനോബലവും ഫലം കണ്ടു. രോഗമുക്തി നേടിയതോടെ വളരെയധികം സന്തോഷത്തോടെയാണ് അസ്മ ബീവി ആശുപത്രി വിട്ടത്.

105 വയസിലും അസാമാന്യമായ മനോബലം കാണിച്ച അസ്മാ ബീവിയെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രകീര്‍ത്തിച്ചു. കോവിഡ് ഭയത്താല്‍ മാനസിക വിഭ്രാന്തി കാണിക്കുന്നവര്‍ ഇവരെപ്പോലുള്ളവരുടെ മനോബലം കാണേണ്ടതാണ്. കോവിഡ് പ്രതിരോധത്തില്‍ ശാസ്ത്രീയ മാര്‍ഗമാണ് കേരളം സ്വീകരിക്കുന്നത്. മെഡിക്കല്‍ കോളേജുകളില്‍ അതീവ ജാഗ്രതയും പരിചരണവുമാണ് നല്‍കുന്നത്. പ്ലാസ്മ തെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സാ രീതിയിലൂടെ നിരവധിയാളുകളുടെ ജീവന്‍ രക്ഷിച്ച് മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞു. 65 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുമ്പോള്‍ 70 വയസിന് മുകളിലുള്ള നിരവധിയാളുകളേയാണ് രക്ഷിക്കാനായത്. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ പ്രിന്‍സിപ്പാള്‍, സൂപ്രണ്ട്, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് എല്ലാ വിഭാഗം ജീവനക്കാര്‍ എല്ലാവര്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.


post

കോവിഡ് സേവനത്തിനായി ഇനി റോബോട്ടുകളും

30th of June 2020

സേവനം ലഭിക്കുക ഇരവിപേരൂര്‍ കൊട്ടയ്ക്കാട് ആശുപത്രിയിലെ ഫസ്റ്റ് ലൈന്‍ കോവിഡ് കെയര്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍

കൈയ്യില്‍ കുഞ്ഞിട്രേയും പിടിച്ച് സമയാസമയം മുരുന്നും ഭക്ഷണവും വെള്ളവും ബെഡ്ഷീറ്റുമായി കോവിഡ് രോഗികളുടെ മുറിയിലെത്തി നിറചിരിയും സമ്മാനിച്ച് അവര്‍ തിരികെ പോകും. ചികിത്സയിലുള്ളവര്‍ക്ക് ഡോക്ടറെയോ വീട്ടുകാരേയോ കാണണമെന്ന ആവശ്യം പറഞ്ഞാല്‍ ഞൊടിയിടയില്‍ വീഡിയോ കോളിലൂടെ അവരെയും അടുത്തെത്തിക്കും. നാലടി പൊക്കം മാത്രമുള്ള ഇത്തിരി കുഞ്ഞന്‍ റോബോട്ട് 'നഴ്‌സുമാര്‍' ചെയ്തുനല്‍കുന്ന സേവനങ്ങളാണിത്. 

ഇരവിപേരൂര്‍ കൊട്ടയ്ക്കാട് ആശുപത്രിയില്‍ ആരംഭിച്ച ഫസ്റ്റ് ലൈന്‍ കോവിഡ് കെയര്‍ ട്രീറ്റ്‌മെന്റ് സെന്ററിലാണ് 'ആശ സാഫി' എന്ന് പേരുള്ള രണ്ടു റോബോട്ടുകളുടെ സേവനം ലഭിക്കുക. ആരോഗ്യരംഗത്ത് ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന നിസ്വാര്‍ഥ സേവനത്തിനുനല്‍കുന്ന ആദര സൂചകമായിട്ടാണ് റോബോട്ടുകള്‍ക്ക് ആശ എന്ന് പേരിട്ടത്. 

ഒരേസമയം (ഒരു മണിക്കുറില്‍) ഒരു റോബോട്ടിന് നാലു മുറികളിലേക്കുള്ള സാധനങ്ങളെത്തിക്കാന്‍ സാധിക്കും. കോവിഡ് കെയര്‍ സെന്ററില്‍ രണ്ടു നിലകളിലായി 40 മുറികളാണുള്ളത്. മരുന്നും ഭക്ഷണവും ഉള്‍പ്പെടെയുള്ളവ എത്തിക്കുക മാത്രമല്ല ഡ്യൂട്ടി ഡോക്ടര്‍ക്കും ഡിഎംഒ അടക്കമുള്ള മറ്റ് നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരേസമയം രോഗിയെ കണ്ടുകൊണ്ട് ആശവിനിമയം നടത്തുവാനുള്ള സൗകര്യം ഈ റോബോട്ടിലുണ്ട്. റോബോട്ടുകളില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌ക്രീനിലൂടെ ഇത് സാധിക്കും. 15 മീറ്റര്‍ ദൂരത്തുനിന്നുവരെ ഇവയെ നിയന്ത്രിക്കാം. എട്ടു കിലോഗ്രാം വരെ ഭാരമുള്ള വസ്തുക്കള്‍ ഇവര്‍ക്ക് എടുക്കാന്‍ കഴിയും. 

ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരമാകും ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ രോഗിക്ക് നല്‍കേണ്ട നിര്‍ദ്ദേശങ്ങള്‍ റോബോട്ടിലൂടെ നല്‍കാനും സാധിക്കും. നിലവില്‍ ഇരവിപേരൂര്‍ കൊട്ടയ്ക്കാട് ആശുപത്രിയില്‍ കോവിഡ് രോഗികളില്ല. റോബോട്ടുകളുടെ ഡെമോണ്‍സ്‌ട്രേഷന്‍ വീണാ ജോര്‍ജ് എം.എല്‍.എ. നിര്‍വഹിച്ചു. നാടിന്റെ നന്മയ്ക്കായി ഇത്തരം നൂതന ആശയങ്ങള്‍ ഇനിയും ഉണ്ടാകണമെന്നും ഇതിലൂടെ സമൂഹവ്യാപന സാധ്യത തടയാന്‍ സാധിക്കുമെന്നും എം.എല്‍.എ. പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് രോഗികളെ പരിചരിക്കുന്നതിലൂടെ ഉണ്ടാകുന്ന രോഗവ്യാപനം എങ്ങനെ കുറയ്ക്കാം എന്ന ചിന്തയാണ് റോബോട്ടുകളിലെത്തിച്ചതെന്ന് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എന്‍. രാജീവ് പറഞ്ഞു. രോഗിയുമായുള്ള സമ്പര്‍ക്കം കുറയ്ക്കുവാനും ഇത്തരത്തിലുള്ള രോഗവ്യാപനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകാതിരിക്കുന്നതിനും കഴിയുമെന്നതാണു നേട്ടം. വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളിലെ അഡല്‍ ലാബില്‍ നിര്‍മ്മിച്ച റോബോട്ടുകളെ തിരുച്ചിറപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊപ്പല്ലര്‍ ടെക്‌നോളജി ഗ്രൂപ്പാണ് വികസിപ്പിച്ചെടുത്തത്. 

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ. എല്‍. ഷീജ വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങില്‍ പങ്കെടുത്തു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസൂയ ദേവി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി. കെ. ഓമനക്കുട്ടന്‍, സാബു ചക്കുംമൂട്ടില്‍, സാലി ജേക്കബ്, ജയപാലന്‍, പ്രസന്നകുമാര്‍, സെക്രട്ടറി സുജകുമാരി, ആശുപത്രിയുടെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പി. ശ്രീകാന്ത്, നാഷണല്‍ സ്‌കൂള്‍ എച്ച്.എം. ആര്‍. ആശാലത, നാഷണല്‍ ഹൈസ്‌കൂള്‍ ടെക്‌നിക്കല്‍ ഓഫീസര്‍ എം. ജയന്‍, പ്രൊപ്പല്ലര്‍ ടെക്‌നിക്കല്‍ ടീം അംഗങ്ങള്‍ മുബീന്‍ റഹ്മാന്‍, ഫിലിപ്പ് സാമുവല്‍ ജോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


post

മുന്നൂറിൽപരം പഞ്ചായത്തുകളിലേക്ക് 'ബ്രേക്ക് ദി ചെയിൻ ഡയറി'യുമായി വി.എച്ച്.എസ്.ഇ...

27th of June 2020

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉറവിട നിർണ്ണയത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന 'ബ്രേക്ക് ദി ചെയിൻ ഡയറി' തയ്യാറാക്കി വിതരണം ചെയ്യാൻ വി.എച്ച്.എസ്.ഇ നാഷണൽ സർവീസ് സ്‌കീം വിദ്യാർഥികൾ തയ്യാറെടുക്കുന്നു.

സംസ്ഥാനത്തെ മുന്നൂറിൽപരം പഞ്ചായത്തുകളിലെ ഓട്ടോ-ടാക്‌സി ഡ്രൈവർമാർക്കും കടകൾക്കുമാണ് ആദ്യഘട്ടത്തിൽ വിദ്യാർഥികൾ 'ബ്രേക്ക് ദി ചെയിൻ ഡയറി' തയ്യാറാക്കി നൽകുന്നത്.

വരുന്ന ദിവസങ്ങളിൽ കടകളിൽ സന്ദർശിക്കുന്ന/ വാഹനത്തിൽ യാത്ര ചെയ്യുന്ന ആളുകളുടെ വിശദാംശങ്ങൾ എഴുതി സൂക്ഷിക്കാൻ പൊതുഇടങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും സഹകരണത്തോടെ വിതരണം ചെയ്യുന്നത്. ഏകദേശം ഒന്നര ലക്ഷത്തോളം കോപ്പികളാണ് ആദ്യഘട്ട വിതരണത്തിന് തയ്യാറാക്കുന്നത്.

സ്വന്തം വീടുകളിൽ നിന്നു പുറത്ത് പോകുന്നവരുടെ യാത്ര വിശദാംശങ്ങൾ നോട്ട് ബുക്കിൽ എഴുതി സൂക്ഷിച്ചു വരുന്ന വിദ്യാർഥി വളണ്ടിയർമാർ അതിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ പ്രവർത്തനത്തിന് മുതിരുന്നത്.

വി.എച്ച്.എസ്.ഇ വിഭാഗത്തിലെ പ്രിന്റിംഗ് ടെക്‌നോളജി വിദ്യാർഥി വളണ്ടിയർമാരാണ് ഡയറി ഡിസൈൻ ചെയ്തത്. സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് നിലനിൽക്കുന്ന പഞ്ചായത്തിലെ ഡ്രൈവർമാർക്കും കടകൾക്കും 'ബ്രേക്ക് ദി ചെയിൻ ഡയറി' കോവിഡ് പ്രോട്ടോകോൾ പാലിച്ച് നൽകുന്നതിന് വിദ്യാർഥികളെ സഹായിക്കാൻ അധ്യാപക പ്രോഗ്രാം ഓഫീസർമാരും പി.റ്റി.എ അംഗങ്ങളും പൂർവ്വ വിദ്യാർഥികളും രംഗത്തുണ്ടാകും.


post

ദിവസം ഒരുലക്ഷം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ കുടുംബശ്രീ

20th of June 2020

തൃശൂര്‍ : സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ തരംതിരിക്കുന്ന ജോലി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഒരുങ്ങി കുടുംബശ്രീ. ജില്ലയില്‍ ഒരു ദിവസം ഒരുലക്ഷം പാഠപുസ്തകങ്ങള്‍ തരംതിരിച്ച് സ്‌കൂള്‍ സൊസൈറ്റികള്‍ക്ക് എത്തിച്ച് നല്‍കാനുളള കഠിനാദ്ധ്വാനത്തിലാണ് കുടുംബശ്രീ. ഒന്നാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠന ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ 30നകം ഒരുലക്ഷം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ തയ്യാറാവുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍.

തൃശൂര്‍ ജില്ലയിലെ പാഠപുസ്തക ഹബ്ബുകളായ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ്, വെളിയന്നൂര്‍ ബുക്ക് ഡിപ്പോ എന്നിവിടങ്ങളില്‍ എത്തിച്ചിരിക്കുന്ന പുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികള്‍ക്ക് തരം തിരിച്ചു നല്‍കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. പുതുതലമുറയെ അറിവിന്റെ വഴിയിലേക്ക് നയിക്കാന്‍ കുടുംബശ്രീയുടെ അധ്വാനവും കൂട്ടിച്ചേര്‍ത്ത് 14 കുടുംബശ്രീ പ്രവര്‍ത്തകരാണ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെ പ്രവര്‍ത്തനത്തില്‍ അണിനിരക്കുന്നത്.

ജൂണ്‍ ഒന്നുമുതല്‍ പുതിയ പുസ്തകങ്ങളുടെ തരംതിരിക്കല്‍ തുടങ്ങി. ജൂണ്‍ നാല് മുതലാണ് സൊസൈറ്റിയിലേക്ക് പുസ്തകം എത്തിച്ചു തുടങ്ങിയത്. പത്ത് പേരാണ് ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ലോക്ഡൗണ്‍, ബസിന്റെ കുറവ് എന്നീ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഇതുവരെ മൂന്നര ലക്ഷത്തോളം പാഠപുസ്തകങ്ങള്‍ സ്‌കൂളുകളിലേക്ക് എത്തിക്കാന്‍ സാധിച്ചു. ഇപ്പോള്‍ കുടുംബശ്രീ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ട് തൃശൂര്‍ എന്‍ജിനീറിങ് കോളേജിലേക്കും ഹബ്ബ് മാറ്റി. ഞായറാഴ്ചകളിലും ഓവര്‍ടൈം ചെയ്ത് പരമാവധി ജൂണ്‍ 30 നുള്ളില്‍ തന്നെ ബുക്കുകള്‍ സ്‌കൂളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. നിലവില്‍ പുസ്തകം തരം തിരിക്കുന്ന ഹബ്ബുകളില്‍ ബണ്ടില്‍ മെഷീന്‍ സുഗമമായി പ്രവര്‍ത്തിക്കാത്തതും, വെളിച്ചമില്ലാത്തതും, നെറ്റ്വര്‍ക് സംവിധാനം ഇല്ലാത്തതുമായ സാഹചര്യത്തിലും കണ്ടെയ്ന്‍മെന്റ് സോണിലും ചുരുങ്ങിയ സമയത്തില്‍ പുസ്തകം എത്തിച്ചു. ഏഴു സ്‌കൂളുകളെ ഉള്‍പ്പെടുത്തിയുള്ള സൊസൈറ്റികള്‍ക്കായുള്ള പുസ്തകങ്ങളാണ് തരം തിരിച്ച് വിതരണം ചെയ്യുന്നത്. കൂട്ടായ്മയിലൂടെ സാധാരണക്കാരായ സ്ത്രീകളുടെ സാമൂഹിക പ്രതിബദ്ധത ഒരിക്കല്‍ കൂടെ തെളിയിച്ചിരിക്കുകയാണ് കുടുംബശ്രീ.


post

വീണ്ടും പറക്കാന്‍ തയ്യാര്‍... വനിതാ പൈലറ്റ് ഡിസ്ചാര്‍ജ് ആയി

7th of June 2020

കോവിഡ്-19 സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എയര്‍ ഇന്ത്യ വനിത പൈലറ്റ് ബിന്ദു സെബാസ്റ്റ്യനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയി രോഗമുക്തി നേടിയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. പ്രവാസികളെ വിദേശ രാജ്യങ്ങളില്‍ നിന്നും കൊണ്ടുവരുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായിരുന്നു എറണാകുളം തേവര സ്വദേശിയായ ഈ വനിത പൈലറ്റ്. ഏറ്റവും മികച്ച ചികിത്സയാണ് എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ചതെന്ന് ബിന്ദു സെബാസ്റ്റ്യന്‍ പറഞ്ഞു. മികച്ച ചികിത്സയും പരിചരണവും നല്‍കിയ ആരോഗ്യ വകുപ്പിനും എറണാകുളം മെഡിക്കല്‍ കോളേജിനും നന്ദി പറയുന്നു. എന്തെങ്കിലും ചെറിയ രോഗലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ തന്നെ എല്ലാവരും ചികിത്സ തേടേണ്ടതാണ്. പ്രവാസികളെ കൊണ്ടുവരാനുള്ള ദൗത്യത്തില്‍ ഇനിയും പങ്കാളിയാകുമെന്നും ബിന്ദു സെബാസ്റ്റ്യന്‍ വ്യക്തമാക്കി.

യു.എ.ഇ.യില്‍ നിന്നും കേരളത്തിലേക്ക് പ്രവാസികളെ കൊണ്ടുവരാനുള്ള മിഷനില്‍ ബിന്ദു സെബാസ്റ്റ്യനും പങ്കെടുത്തിരുന്നു. അതിന് ശേഷം നടന്ന സ്രവ പരിശോധനയിലാണ് കഴിഞ്ഞ ഞായറാഴ്ച ബിന്ദു സെബാസ്റ്റ്യന് രോഗം സ്ഥിരീകരിച്ചത്. ഉടന്‍ തന്നെ എറണാകുളം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റാക്കുകയും മികച്ച ചികിത്സ നല്‍കുകയും ചെയ്തു.

പ്രവാസികളെ കൊണ്ടുവരാനായി വിമാന ജീവനക്കാര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മറ്റുള്ളവരെ എത്തിക്കുന്നതിനിടെ അവരുടെ സുരക്ഷയും വളരെ പ്രധാനമാണ്. സംസ്ഥാനത്ത് നിന്നും പോകുന്ന വിമാന ജീവനക്കാര്‍ക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ മികച്ച പരിശീലനമാണ് നല്‍കുന്നത്. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. പ്രവാസികളെ കൊണ്ടു വരാനുള്ള ദൗത്യത്തില്‍ പങ്ക് ചേര്‍ന്ന ബിന്ദു സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിന് അഭിമാനമാണ്. രോഗമുക്തി നേടിയ ബിന്ദു സെബാസ്റ്റ്യന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി. 

എറണാകുളം മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പലും പള്‍മണറി മെഡിസിന്‍ വിഭാഗം മേധാവിയുമായ ഡോ. ഫത്താഹുദ്ദീന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പീറ്റര്‍ വാഴയില്‍, ആര്‍.എം.ഒ. ഡോ. ഗണേശ് മോഹന്‍, മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ജേക്കബ് കെ. ജേക്കബ്, അസോ. പ്രൊഫ. ഡോ. ബി. റെനിമോള്‍, നഴ്‌സിംഗ് സൂപ്രണ്ട് സാന്റി അഗസ്റ്റിന്‍ എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.


post

ലാപ്ടോപ് വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥിനി; നൽകാമെന്ന് ഉറപ്പു നൽകി കളക്ടർ

5th of June 2020

എറണാകുളം: സർ, ഞാൻ സ്നേഹ ബിജു; ഓൺലൈൻ ക്ലാസ് തുടങ്ങി. എനിക്കും എൻ്റെ അനിയനും അനിയത്തിക്കും പഠിക്കാനായി ഒരു ലാപ്ടോപ് വേണം. കളക്ടറേറ്റിലെ മോണിറ്ററിൽ തെളിഞ്ഞ കുഞ്ഞു പരാതിക്കാരിയുടെ ആവശ്യം പരിഗണിക്കാതിരിക്കാൻ ജില്ലാ കളക്ടർ എസ്.സുഹാസിനായില്ല. 

"യെസ്, ഓകെ സ്നേഹ , ലാപ്ടോപ് എത്രയും പെട്ടെന്ന് എത്തിക്കാൻ ഏർപ്പാടാക്കാം കേട്ടോ" പെട്ടെന്നു തന്നെ പ്രശ്നത്തിനു പരിഹാരമായി കളക്ടറുടെ വാക്കുകൾ.

വീഡിയോ കോൺഫറൻസ് വഴി ജില്ലയിൽ നടത്തിയ ആദ്യ പരാതി പരിഹാര അദാലത്തിലാണ് വ്യത്യസ്ത ആവശ്യവുമായി സ്നേഹ എത്തിയത്. മറ്റു പരാതികളുടെ നടുവിൽ സ്നേഹയുടെ പരാതിക്ക് മുഖ്യ പരിഗണന നൽകുകയും ചെയ്തു കളക്ടർ.

വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പരപ്പിൽ വീട്ടിൽ ബിജുവിൻ്റെയും സോണിയയുടെയും മകളാണ് സ്നേഹ. ആലപ്പുഴ സെൻ്റ്.ജോസഫ് കോളേജിൽ രണ്ടാം വർഷ ബിരുദ പരീക്ഷയെഴുതാൻ തയാറെടുക്കുകയാണ്. അതോടൊപ്പം ആലപ്പുഴ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ റോവിംഗ് പരിശീലനവും നടത്തുന്നു. അനിയൻ രണ്ടാം ക്ലാസിലും അനിയത്തി പ്ലസ് ടുവിനും പഠിക്കുന്നു. മൂന്നു പേർക്കും ഓൺലൈൻ ക്ലാസ് തുടങ്ങി. സ്നേഹക്ക് സായ് ലെ കോച്ചിംഗ് ക്ലാസും ഓൺലൈനായി പങ്കെടുക്കണം.

വീട്ടിൽ ബിജുവിനു മാത്രമാണ് സ്മാർട്ട് ഫോണുള്ളത്. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ ബിജുവിനാണെങ്കിൽ ജോലി ആവശ്യത്തിനായി ഫോൺ ഉപയോഗിക്കുകയും വേണം. മക്കൾക്ക് മൂന്നു പേർക്കും പുതിയ ഫോൺ വാങ്ങി നൽകാനുള്ള സാമ്പത്തിക സ്ഥിതിയില്ല. പിന്നീട് പ്രശ്ന പരിഹാരത്തിനായി കളക്ടറെ സമീപിക്കാൻ സ്നേഹ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് കോഴിപ്പിള്ളി അക്ഷയ കേന്ദ്രത്തിലെത്തി പരാതി നൽകിയത്. ഇന്നലെ അക്ഷയ കേന്ദ്രത്തിലെത്തി കളക്ടറുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു. 

സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് സ്നേഹക്ക് എത്രയും പെട്ടെന്ന് ലാപ്ടോപ് എത്തിക്കുമെന്ന് കളക്ടർ എസ്.സുഹാസ് അറിയിച്ചു.


post

ഒരുമയ്ക്ക് ഒരു കുട അകലം: കാസർഗോഡ് ജില്ലാതല ക്യാമ്പയിന്‍ ആരംഭിച്ചു

4th of June 2020

കുടുംബശ്രീയുടെ  കുടകളിലൂടെ സാമൂഹ്യ അകലം പാലിക്കാം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു നിര്‍വ്വഹിച്ചു. കോവിഡ് 19 പശ്ചാത്തലത്തില്‍ സാമൂഹിക അകലം പൊതു ഇടങ്ങളില്‍ കുട ചൂടുന്നതിലൂടെ സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്.

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഗുണമേന്മയുളള കുടകള്‍ സി ഡി എസ് മുഖേന വില്‍പന നടത്തും. ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, എ ഡി എം സി   ഡി ഹരിദാസ്, ജില്ലാമിഷന്‍ അഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍  ടി ടി സുരേന്ദ്രന്‍ സ്വാഗതവും എ ഡി എം സി ഹരിദാസന്‍ നന്ദിയും പറഞ്ഞു.


post

അട്ടപ്പാടി മേഖലയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സജീവം

4th of June 2020

പാലക്കാട്: അട്ടപ്പാടി മേഖലയിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി  നിലവില്‍ സൗകര്യങ്ങളുള്ള  ഊരുകളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചതായി ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ വാണിദാസ് അറിയിച്ചു. ബാക്കി ഊരുകളില്‍ ക്ലാസ്സുകള്‍ക്കായുള്ള പഠനസൗകര്യം സജ്ജമാക്കാനുള്ള നടപടികളും  സ്വീകരിച്ചിട്ടുള്ളതായി  അദ്ദേഹം അറിയിച്ചു.  

ബി.ആര്‍.സി( ബ്ലോക്ക് റിസോഴ്‌സ് സെന്റെര്‍)  ഐ.ടി.ഡി.പി, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ 18 സാമൂഹിക പഠനമുറികള്‍, അംഗന്‍വാടികള്‍, അഹാര്‍ഡ്‌സിന്റെ കമ്മ്യൂണിറ്റി റിസോഴ്‌സ് സെന്ററുകള്‍ എന്നിവയിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ലഭ്യമാക്കിവരുന്നത് .

ഒന്ന് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി ക്ലാസുകള്‍ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വീടുകളില്‍ ടി.വി.യുള്ള വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കാളികളാകുന്നുണ്ടെന്ന്് എസ്.ടി. പ്രാമോട്ടര്‍മാര്‍ മുഖേന ഉറപ്പുവരുത്തും. അടുത്ത ദിവസങ്ങളില്‍ ഓരോ ഊരുകളിലും എസ്.സി, എസ്.ടി. പ്രമോട്ടര്‍മാര്‍,  അംഗന്‍വാടി വര്‍ക്കര്‍മാര്‍ , റിസോഴ്‌സ് അധ്യാപകര്‍ എന്നിവരെ ഊരുകളില്‍ ഫെസിലിറ്റേറ്റര്‍മാരായി നിയോഗിച്ചു കൊണ്ട് ടെലിവിഷന്‍ സൗകര്യം ഇല്ലാത്ത ഇടങ്ങളില്‍ സ്‌കൂളുകളിലെ ലാപ്‌ടോപ്പുകള്‍ ഉപയോഗപ്പെടുത്തുമെന്നും ഐ.ടി.ഡി.പി. പ്രൊജട് ഓഫീസര്‍ അറിയിച്ചു.

അട്ടപ്പാടി മേഖലയില്‍ 19 സര്‍ക്കാര്‍ സ്‌കൂളുകള്‍, ഏഴ് എയ്ഡഡ് സ്‌കൂളുകള്‍, ഒമ്പത് അണ്‍ അയ്ഡഡ്, 18 ഏകാധ്യാപക വിദ്യാലയങ്ങള്‍ എന്നിവടങ്ങളിലായി  10620 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. അതില്‍  5455 എസ്. ടി. വിദ്യാര്‍ഥികളും, 459 എസ്.സി. വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. കൂടാതെ മറ്റ് ജില്ലകളിലെ എം.ആര്‍.എസുകളില്‍ പഠിക്കുന്ന  കുട്ടികള്‍ക്കും നിലവില്‍ സൗകര്യങ്ങളുള്ള അട്ടപ്പാടി ഊരുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാക്കുന്നുണ്ട്.

98 ഊരുകളില്‍ ബാലവിഭവകേന്ദ്രം മുഖേന ക്ലാസുകള്‍ ആരംഭിച്ചു

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി കുടുംബശ്രീ മിഷന്റെ  ഭാഗമായുളള ബാല വിഭവകേന്ദ്രം 98 ഊരുകളില്‍ ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകള്‍  ബ്രിഡ്ജ് കോഴ്‌സ് വഴി ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. ഓരോ ഊരുകളിലും ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടപ്പിലാക്കുന്നത്.  ഫോണ്‍, ടി.വി, ലാപ്പ്‌ടോപ്പുകള്‍ ഉപയോഗിച്ചാണ് ക്ലാസ്സുകളുടെ ഏകോപനം. നെറ്റ്‌വര്‍ക്ക് പ്രശ്‌നമുള്ള കുറച്ചു മേഖലകളില്‍ ടെക്സ്റ്റ് ബുക്കിന്റെ പി.ഡി.എഫും, ഓണ്‍ലൈന്‍ ക്ലാസുകള്‍  പെന്‍ഡ്രൈവില്‍ ഡോക്യുമെന്റാക്കിയും  എത്തിച്ചു നല്‍കും.  വരും ദിവസങ്ങളില്‍ ഗോത്ര ഭാഷകളിലേക്ക്  ക്ലാസുകള്‍ തര്‍ജ്ജമ ചെയ്തു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മനസിലാവുന്നവിധം ക്ലാസുകള്‍ സജ്ജമാക്കാനാണ് ഉദ്ദേശം.


post

അഞ്ചാം ക്ലാസുകാരന്‍ തങ്കപാണ്ടി പറയുന്നു 'ഓണ്‍ലൈന്‍ ക്ലാസ് അടിപൊളിയാണ്'

3rd of June 2020

അഞ്ചാം ക്ലാസ്സുകാരന്‍ തങ്കപാണ്ടിക്ക് സ്‌കൂളിലെ ക്ലാസ്സിനേക്കാള്‍ ഇഷ്ടമായത് ഓണ്‍ലൈന്‍ ക്ലാസ്സാണ്.  സ്‌കൂളില്‍ പോകാനുള്ള മടി കൊണ്ടല്ല,  ടിവിയിലെ ക്ലാസ്സില്‍  കുറേ വീഡിയോകളും ചിത്രങ്ങളും കാണാമെന്നത് തന്നെയാണ് കാരണം. ചിത്രങ്ങളിലൂടെ എല്ലാം പെട്ടെന്ന് മനസ്സിലാകുന്നുണ്ടെന്ന് ഏഴാം ക്ലാസുകാരിയായ ചേച്ചി നാഗമ്മയും അഭിപ്രായപ്പെടുന്നു. എന്നാല്‍, നാഗമ്മയ്ക്ക് സ്‌കൂളിലെ  ക്ലാസ് തന്നെയാണ് പ്രിയം. സ്‌കൂളിലാകുമ്പോള്‍ മനസിലാകാത്ത കാര്യങ്ങള്‍ ടീച്ചറോട് അപ്പോള്‍ തന്നെ ചോദിക്കാമെന്നും നാഗമ്മ പറയുന്നു. കുട്ടികള്‍ക്കായി ആരംഭിച്ച ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസ്സിന്റെ ഭാഗമാകാനാണ് അമ്മ സാറാമേരിയുടെയും  നാഗമ്മയുടെയും കൂടെ തങ്കപാണ്ടി ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ എത്തിയത്.  

രണ്ട് മണിക്ക് ആരംഭിക്കുന്ന ക്ലാസ്സിനായി മണിക്കൂറുകള്‍ക്ക് മുമ്പേ തന്നെ എത്തിച്ചേര്‍ന്ന തങ്കപാണ്ടിയും നാഗമ്മയും സ്‌കൂള്‍ തുറന്ന ആദ്യ ദിവസത്തെ ആവേശത്തോടെ തന്നെയാണ് തന്റെ ക്ലാസ്സിനായി കാത്തിരുന്നതും. പ്രിയപ്പെട്ട ടീച്ചര്‍മാരും കൂട്ടുകാരും ഒന്നും കൂടെയില്ലെങ്കിലും ചേച്ചിയോടൊപ്പം ക്ലാസ്സില്‍ ഇരിക്കാനായതിന്റെ ഉത്സാഹത്തിലായിരുന്നു തങ്കപാണ്ടി. ആദ്യ ദിവസം തന്നെ സസ്യലോകത്തെക്കുറിച്ച് വ്യത്യസ്തമായൊരു ക്ലാസ്സ് ലഭിച്ചതിന്റെ  സന്തോഷവും  ഇവര്‍ക്കുണ്ട്. പഠനത്തില്‍ മിടുക്കരായ ഇരുവര്‍ക്കും വീട്ടില്‍ ഓണ്‍ലൈന്‍ സംവിധാനമില്ലാത്തതിനാല്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസിലെ  ടെലിവിഷനാണ് ആശ്രയമായത്.

പടന്നപ്പാലത്ത് താമസിക്കുന്ന കൂലിപ്പണിക്കാരായ സാറമേരിയുടെയും നാഗേന്ദ്രന്റെയും മക്കളാണ് നാഗമ്മയും,  തങ്കപ്പാണ്ടിയും. തമിഴ്‌നാട് സ്വദേശികളായ ഇവര്‍ 28 വര്‍ഷമായി കണ്ണൂരില്‍ താമസമാക്കിയിട്ട്. ദേവത്താര്‍കണ്ടി യുപി സ്‌കൂളില്‍ പഠിക്കുന്ന ഈ മിടുക്കര്‍ക്ക് വീട്ടില്‍ ടെലിവിഷന്‍ സൗകര്യമുണ്ടെങ്കിലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭിക്കുന്നതിനുള്ള മറ്റ് സംവിധാനങ്ങള്‍ ഇല്ല. ഇതേ തുടര്‍ന്ന് സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് ജില്ലാ ലൈബ്രറി കൗണ്‍സിലില്‍ ഇവര്‍ക്ക് സൗകര്യമൊരുക്കിയത്.

ഓണ്‍ലൈന്‍ ക്ലാസ്സിനായി ലൈബ്രറി കൗണ്‍സിലില്‍ എത്തിച്ചേരുക എന്നത് എളുപ്പമായിരുന്നില്ല. യാത്ര ചിലവിനായുള്ള പണം കടം വാങ്ങുകയായിരുന്നു. എട്ടാം തരത്തില്‍ പഠിക്കുന്ന ചേച്ചി സുര്‍ളിയമ്മാളിനും നാലാം തരത്തില്‍ പഠിക്കുന്ന അനുജന്‍ ശിവയ്ക്കും ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും യാത്രാചെലവ് തടസ്സമായി. അതിനാല്‍ തന്നെ ഇനി തുടര്‍ന്നുള്ള ക്ലാസുകളില്‍ എത്തിച്ചേരാന്‍ സാധിക്കുമോ എന്നുള്ളത്  അറിയില്ലെന്നും സാറാമേരി  പറഞ്ഞു. കൂലിപ്പണിക്കാരായ ഇവര്‍ക്ക്  ലോക് ഡൗണ്‍ കാരണം  മാസങ്ങളായി ജോലിക്ക് പോകാന്‍ സാധിച്ചിട്ടില്ല. വീട്ടില്‍ തന്നെ പഠിക്കാനുള്ള  സൗകര്യം  കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിക്കുകയാണ് ഇവര്‍. പഠിക്കാന്‍ മിടുക്കരായ തന്റെ മക്കളുടെ പഠനം മുടങ്ങാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ മാതാപിതാക്കള്‍.




post

തണലിലും ഫസ്റ്റ്‌ബെല്‍ ക്ലാസ്; സഹായത്തിന് അധ്യാപകരും

2nd of June 2020

പത്തനംതിട്ട ശിശുക്ഷേമ സമിതിയുടെ കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രമായ തണലിലും കുട്ടികള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ ഒരുക്കി. ഒന്നാം ക്ലാസില്‍ ഒരു കുട്ടിയും രണ്ടാം ക്ലാസില്‍ രണ്ട് കുട്ടികളുമാണ് തണലില്‍ ഉള്ളത്. ശബരിനാഥ്, പ്രാർത്ഥന, ദേവദത്ത എന്നിവരാണ് അവർ.

തണലില്‍ വിദ്യാര്‍ഥികള്‍ക്കുള്ള കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ ലഭ്യമല്ല എന്ന വിവരം അധ്യാപകനായ പ്രശാന്ത് കുമാര്‍ അധികാരികളെ അറിയിച്ചിരുന്നു. തുടര്‍ന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോട് ലാപ്‌ടോപ്പ് സൗകര്യം ഒരുക്കുകയും കുട്ടികള്‍ക്കൊപ്പം ക്ലാസ് കേള്‍ക്കുകയും തുടര്‍ പ്രവര്‍ത്തന നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ഒന്നാം ക്ലാസിന് രാവിലെ 10.30 മുതല്‍ 11 വരെയും രണ്ടാം ക്ലാസിന് 12.30 മുതല്‍ ഒന്നു വരെയുമായിരുന്നു പഠനം. കുട്ടികള്‍ എല്ലാവരും താല്‍പര്യത്തോടെ ക്ലാസില്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ ക്ലാസിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലും ചിത്രം വരയ്ക്കുന്നതിലും കുട്ടികള്‍ ആവേശപൂര്‍വം പങ്കാളികളായി. വീണാ ജോര്‍ജ് എംഎല്‍എ തണലിലെത്തി കുട്ടികള്‍ക്ക്  ജൂൺ 2 മുതല്‍ ടെലിവിഷനില്‍ ക്ലാസ് കാണുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് നിര്‍ദേശം നല്‍കി.


post

4 വർഷത്തിന് ശേഷം ചരിത്രാധ്യാപകനായി മന്ത്രി കെ.ടി.ജലീൽ

1st of June 2020

* കോളേജുകളിൽ ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായി

14 വർഷങ്ങൾക്കുശേഷം കോളേജ് അധ്യാപകനായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: കെ.ടി.ജലീൽ ചരിത്ര ക്ലാസ്സെടുത്ത് സംസ്ഥാനത്തെ കോളേജുകളിൽ ഓൺലൈൻ ക്ലാസുകൾക്ക് ആരംഭമായി. കോവിഡ് പശ്ചാത്തലത്തിൽ കലാലയങ്ങൾ തുറന്നു ക്ലാസുകൾ ആരംഭിക്കാനാവാത്ത സാഹചര്യത്തിലാണ് കോളേജുകളിൽ ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായത്. ഇതിന്റെ ഉദ്ഘാടനമാണ് ലൈവായി ക്ലാസ് എടുത്ത് മന്ത്രി നിർവഹിച്ചത്.

'ഹിസ്റ്ററി' എന്ന വാക്കിന്റെ ഉൽപത്തിയുടെ കഥ പറഞ്ഞാണ് മന്ത്രി ക്ലാസ് ആരംഭിച്ചത്. തുടർന്ന് ലോകമാകെ നടന്ന നവോത്ഥാന ചരിത്രങ്ങൾ വിശദമാക്കുകയും മാനവികതയാണ് നവോത്ഥാനമെന്ന സന്ദേശം പകർന്നുമാണ് ക്ലാസ് കൈകാര്യം ചെയ്തത്.

വീണ്ടും അധ്യാപകന്റെ റോളിലെത്തിയത് നല്ല അനുഭവമായിരുന്നുവെന്ന് ക്ലാസിനു ശേഷം മന്ത്രി അഭിപ്രായപ്പെട്ടു. അധ്യാപക മനസ് ആസ്വദിച്ചാണ്  ക്ലാസ്സെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം സംസ്‌കൃത കോളേജിലെ ഒറൈസ് ഹാളിൽ നിന്നായിരുന്നു മന്ത്രിയുടെ തത്സമയ ക്ലാസ്. ഈ ക്ലാസ് ഒറൈസ് സംവിധാനമുള്ള 75 സർക്കാർ കോളേജുകളിലും മറ്റുള്ള കോളേജുകളിൽ പ്രത്യേക ലിങ്കിലൂടെയും തത്സമയം കാണാനായി.

അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തിൽ ടൈംടേബിളുകൾ തയ്യാറാക്കി രാവിലെ 8.30ന് തുടങ്ങി ഉച്ചയ്ക്ക് 1.30 ന് അവസാനിക്കുന്ന രീതിയിൽ തുടർന്നുള്ള ദിവസങ്ങളിൽ അതത് കോളേജുകളിലെ അധ്യാപകർ ഓൺലൈനിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യും. കോളേജ് സ്ഥിതിചെയ്യുന്ന ജില്ലയിലെ അധ്യാപകർ, പ്രിൻസിപ്പൽ നിശ്ചയിക്കുന്ന റൊട്ടേഷൻ അടിസ്ഥാനത്തിൽ കോളേജുകളിൽ ഹാജരാകുകയും മറ്റുള്ളവർ വീടുകളിലിരുന്നും ക്ലാസ്സുകൾ കൈകാര്യം ചെയ്യും. സാങ്കേതിക സംവിധനങ്ങളുടെയും ഇന്റർനെറ്റിന്റെയും ലഭ്യതയും അടിസ്ഥാനമാക്കി മുഴുവൻസമയ ലൈവ് ക്ലാസ്സുകൾ നൽകും. നിശ്ചിത ഇടവേളകളിൽ ലൈവ് ക്‌ളാസ്സുകളിലൂടെ നേരിട്ട് ആശയ സംവാദം നടത്തും.

അധ്യാപകർ നേരിട്ട് കുട്ടികളുമായി ആശയവിനിമയം നടത്തുന്ന ക്ലാസുകളിൽ നിന്ന് ലഭിക്കുന്ന അറിവുമായി താരതമ്യപ്പെടുത്തുമ്പോൾ പരിമിതികൾ ഉണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ ക്ലാസുകൾ ആരംഭിക്കാൻ ഈ സമ്പ്രദായം സ്വീകരിക്കേണ്ടതായുണ്ടെന്ന് മന്ത്രി പറഞ്ഞു. കലാലയങ്ങളിൽ നിന്ന് വിജ്ഞാനത്തിനപ്പുറം ചുറ്റുപാടുകളുമായി ഇടപെടാനുള്ള കഴിവും സാമൂഹ്യബോധവും ബഹുസ്വര സംസ്‌കാരത്തിന്റെ അറിവുമെല്ലാം ലഭിക്കുമായിരുന്നെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ഓൺലൈൻ ക്ലാസുകളിൽ നിന്ന് ലഭിക്കുന്ന അഭിപ്രായവും വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമായും ചർച്ച നടത്തി ലഭിക്കുന്ന അഭിപ്രായവും പരിഗണിച്ച് കോളേജുകളിൽ തുടർന്നും ക്ലാസുകൾ രാവിലെ 8.30 മുതൽ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം അടിച്ചേൽപിക്കില്ലെന്നും ചർച്ചകളിലൂടെയേ തീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി.



post

വീണ്ടും കേരളം മാതൃക: നേരം പുലരും മുമ്പ് മരുന്നുമായി ഫയര്‍ഫോഴ്‌സ്

30th of May 2020

പല കാര്യങ്ങളിലും കേരളം ലോകത്തിന് മാതൃകയാകുമ്പോള്‍ സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും ഒറ്റ രാത്രി കൊണ്ട് കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നെത്തിച്ച് മാതൃക സൃഷ്ടിക്കുകയാണ് ഫയര്‍ഫോഴ്‌സ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ആര്‍.സി.സി.യുടേയും യുവജന കമ്മീഷന്റേയും സഹകരണത്തോടെ ഫയര്‍ഫോഴ്‌സ് ഇതുവരെ 1800 ഓളം രോഗികള്‍ക്ക് 16 ലക്ഷത്തോളം രൂപയുടെ മരുന്നാണെത്തിച്ചത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആര്‍.സി.സി.യുടെ സഹകരണത്തോടെ 22-ഉം തമിഴ്‌നാട്ടില്‍ കന്യാകുമാരിയിലും കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. ഈ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ള രോഗികള്‍ക്കുള്ള കീമോതെറാപ്പി ഉള്‍പ്പെടെയുള്ള മരുന്നുകളാണ് ആര്‍.സി.സി.യില്‍ നിന്നും അതത് കേന്ദ്രങ്ങളിലും രോഗികളുടെ അടുത്തും നേരിട്ട് ഫയര്‍ഫോഴ്‌സ് എത്തിക്കുന്നത്. ആര്‍.സി.സി.യില്‍ ചികിത്സയിലുള്ളവര്‍ മരുന്നിനായി വിളിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ അത് ഫയലുമായി ഒത്തുനോക്കിയാണ് ഫയര്‍ഫോഴ്‌സിന് നല്‍കുന്നത്. രാത്രി വിളിച്ചു പറഞ്ഞാല്‍ പോലും അതിരാവിലെ ചികിത്സയ്ക്കുള്ള മരുന്നുകള്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ എത്തിക്കും.

വലിയ ജീവകാരുണ്യ സേവനം നടത്തുന്ന ഫയര്‍ഫോഴ്‌സിലെ ജീവനക്കാര്‍ക്ക് നന്ദി അറിയിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. രോഗികള്‍ക്ക് മരുന്നെത്തിക്കുന്നതിനും അവരെ ആശുപത്രികളിലെത്തിക്കുന്നതിനും പോലീസും ഫയര്‍ഫോഴ്‌സും വലിയ സേവനമാണ് ചെയ്യുന്നത്. തിരുവനന്തപുരം ആര്‍.സി.സി.യില്‍ കേരളത്തിന്റെ നാനാഭാഗത്ത് നിന്നും തമിഴ്‌നാട്ടില്‍ നിന്നും ചികിത്സ തേടുന്നുണ്ട്. രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികളെ കൊറോണ വൈറസ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തുന്നു. അതിനാല്‍ മരുന്നുകളും ചികിത്സയും കിട്ടാന്‍ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. ഈയൊരു സാഹചര്യത്തിലാണ് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളില്‍ കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കിയത്. കന്യാകുമാരി ഉള്‍പ്പെടെ 23 സ്ഥലങ്ങളിലാണ് കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളാരംഭിച്ചത്. ഇതൊടൊപ്പം ഈ കാലയളവില്‍ ഈ സ്ഥലങ്ങളിലുള്ള കാന്‍സര്‍ രോഗികള്‍ക്ക് മരുന്ന് വാങ്ങാനും ബുദ്ധിമുട്ടായിരുന്നു. ഈയൊരു സാഹചര്യം മറികടക്കാനായത് ഫയര്‍ഫോഴ്‌സിന്റെ സേവനം കൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.

തമിഴ്‌നാട് സര്‍ക്കാരിന്റെ സഹകരണത്തോടെ തിരുവനന്തപുരം ആര്‍.സി.സി.യുടെ നേതൃത്വത്തിലാണ് കന്യാകുമാരി ജില്ലാ ആശുപത്രിയിയെ കാന്‍സര്‍ ചികിത്സാ കേന്ദ്രമാക്കിയത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്കാശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, കോട്ടയം പാല ജനറല്‍ ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്കാശുപത്രി, ഇ.സി.ഡി.സി. കഞ്ഞിക്കോട്, മലപ്പുറം ജില്ലാ ആശുപത്രി തിരൂര്‍, നിലമ്പൂര്‍ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശേരി ജനറല്‍ ആശുപത്രി, കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യങ്ങളൊരുക്കിയത്. ആര്‍.സി.സി.യിലെ ഡോക്ടര്‍മാര്‍ ടെലി കോണ്‍ഫറന്‍സ് വഴി രോഗികളുടെ ചികിത്സാ വിവരം അവിടത്തെ ഡോക്ടര്‍മാര്‍ക്ക് പറഞ്ഞ് കൊടുത്താണ് ചികിത്സ നടത്തുന്നത്. അത്തരക്കാരുടെ തുടര്‍പരിശോധന, കീമോതെറാപ്പി, സാന്ത്വന ചികിത്സ, സഹായക ചികിത്സകള്‍ തുടങ്ങിയവ ഈ കേന്ദ്രങ്ങളിലൂടെ ചെയ്യാന്‍ കഴിയുന്നതാണ്.


post

അതുല്‍ പോലീസ് വാഹനത്തില്‍ പരീക്ഷയെഴുതാന്‍ എത്തി

27th of May 2020

രാവിലെ നടന്ന വി.എച്ച് .എസ് ഇ പരീക്ഷ ഉച്ചയ്ക്കാണെന്ന് തെറ്റിധരിച്ച വിദ്യാര്‍ത്ഥിയെ പോലിസ് വാഹനത്തില്‍ പരീക്ഷക്കായി എത്തിച്ചു. അടിമാലി എസ്.എന്‍.ഡി.പി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ രണ്ടാം വര്‍ഷ ഇ. ഇ.ടി വിദ്യാര്‍ത്ഥിയായ പണിക്കന്‍ കുടി കൊമ്പൊടിഞ്ഞാല്‍  സ്വദേശിയായ  അതുല്‍ ഷിജോയെയാണ് പരീക്ഷ തുടങ്ങി അര മണിക്കൂറിനുള്ളില്‍ അടിമാലി പോലീസിന്റെ സഹായത്തോടെ പോലീസ് വാഹനത്തില്‍ പരീക്ഷക്കായി എത്തിച്ചത്. 194 വിദ്യാര്‍ത്ഥികളാണ് ഇവിടെ ആകെ പരീക്ഷഴുതാനുണ്ടായിരുന്നത്. എന്നാല്‍ അതുല്‍ പരീക്ഷയെഴുതാന്‍ എത്താതിരുന്നതോടെ അധ്യാപകര്‍ രക്ഷിതാക്കളെ ഫോണില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. തുടര്‍ന്ന് അധ്യാപകര്‍ അടിമാലി ജനമൈത്രി പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. അടിമാലി സി ഐ അനില്‍ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം എസ് .ഐ  കെ.ഡി മണിയന്‍, ഷാജു എം എം, നിസാര്‍ തുടങ്ങിയവരുടെ  ഇടപെടലിലൂടെ  അതുലിനെ പരീക്ഷക്കായി എത്തിക്കുകയായിരുന്നു. കൃത്യസമയത്ത് പോലീസ് ഇടപെട്ടതിനാല്‍  പരീക്ഷഴെഴുതാന്‍ കഴിഞ്ഞെന്നും പരീക്ഷ എളുപ്പമായിരുന്നെന്നും അതുല്‍ പറഞ്ഞു.


post

സഹോദരന്‍ മാസ്‌ക്ക് നല്‍കിയപ്പോള്‍ കളക്ടര്‍ക്ക് കവിത സമ്മാനിച്ച് സഹോദരി

27th of May 2020

സഹോദരന്‍ 200 മാസ്‌ക്ക് ജില്ലാ ഭരണകൂടത്തിന് നല്‍കിയപ്പോള്‍ ജില്ലാ കളക്ടര്‍ക്ക് കവിത സമ്മാനിച്ച് സഹോദരിയും. വീട്ടില്‍ നിര്‍മ്മിച്ച 200 മാസ്‌കുകളാണ് മൈലപ്ര സ്വദേശിയായ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഏബല്‍ ബേബി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറിയത്. ഇതിന് പിന്നാലെ കളക്ടര്‍ക്ക് സര്‍പ്രൈസായി ഏബലിന്റെ സഹോദരി സ്റ്റെബി മറിയം ബേബി ജില്ലാ കളക്ടറിനേക്കുറിച്ച് എഴുതിയ കവിത സമ്മാനിച്ചു. 

മൈലപ്ര ബേബി ഭവനത്തില്‍  ബേബി ഐപ്പ്‌ജെസി ഐപ്പ് ദമ്പതികളുടെ മക്കളാണ് ഇവര്‍. സ്റ്റെബി മറിയം ബേബി മൈലപ്ര എസ്.എച്ച്.എച്ച്.എസ്.എസില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇവര്‍ക്കൊപ്പം ബന്ധുവായ ലിബിന്‍ വര്‍ഗീസ്, സുഹൃത്ത് അനില്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.


post

നഗരത്തിലെ ഓട്ടോറിക്ഷകളില്‍ ഫൈബര്‍ ഷീല്‍ഡുകള്‍ ഘടിപ്പിക്കല്‍ ആരംഭിച്ചു

25th of May 2020

പത്തനംതിട്ട: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓട്ടോറിക്ഷ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വീണാ ജോര്‍ജ് എം.എല്‍.എയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ പത്തനംതിട്ട നഗരത്തിലെ എല്ലാ ഓട്ടോറിക്ഷകള്‍ക്കുള്ളിലും ഫൈബര്‍ ഷീല്‍ഡുകള്‍ ഘടിപ്പിക്കും.  ഡ്രൈവറുടെ സീറ്റിനും യാത്രക്കാരുടെ സീറ്റിനും ഇടയിലാണു ഷീല്‍ഡ് പിടിപ്പിക്കുന്നത്. 

കോവിഡ്19 വ്യാപനം തടയുന്നതിനു വേണ്ടി ഓട്ടോ ടാക്‌സി വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും ഡ്രൈവര്‍മാരും അനുവര്‍ത്തിക്കേണ്ട നിര്‍ദേശങ്ങള്‍ അടങ്ങിയ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ പോസ്റ്റര്‍  കാണത്തക്ക വിധത്തില്‍ ഷീല്‍ഡില്‍ പതിക്കും. ഇതുവഴി ഡ്രൈവറും യാത്രക്കാരും തമ്മില്‍ ഉണ്ടായേക്കാവുന്ന സമ്പര്‍ക്കം ഒഴിവാക്കാന്‍ സാധിക്കും. കൊച്ചി എയര്‍പോര്‍ട്ട് ടാക്‌സികളില്‍ സമാനമായ രീതിയിലുള്ള ഷീല്‍ഡാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതുശ്രദ്ധയില്‍പ്പെട്ട വീണാ ജോര്‍ജ് എം.എല്‍.എ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കുവേണ്ടി സമാനമായ സുരക്ഷാ ഷീല്‍ഡ് ചിലവ് കുറഞ്ഞ രീതിയില്‍ തയ്യാറാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട്  ആവശ്യപ്പെടുകയായിരുന്നു. എം.എല്‍.എയുടെ ആവശ്യപ്രകാരം ആര്‍.ടി.ഒ യുടെയും മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടറുടെയും നേതൃത്വത്തില്‍ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിലാണ് ഷീല്‍ഡ് നിര്‍മ്മിച്ചു നല്‍കുന്നത്.  500 രൂപയില്‍ താഴെ മാത്രമായിരിക്കും ഇതിന്റെ ചിലവ്.

പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ അജയകുമാറിന്റെ ഓട്ടോയിലാണ് ആദ്യത്തെ ഷീല്‍ഡും പോസ്റ്ററും മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ വീണാ ജോര്‍ജ് എം.എല്‍.എ ഘടിപ്പിച്ചത്. 


post

കോവിഡ് പോരാട്ടത്തിനായി യുഎഇയിലേക്കു വീണ്ടും മലയാളി മെഡിക്കൽ സംഘം

21st of May 2020

യുഎഇ സർക്കാരിന്റെ കോവിഡ് വിരുദ്ധ പോരാട്ടത്തിന് കൂടുതൽ കരുത്തു പകരാൻ ഇന്ത്യയിൽ നിന്നുള്ള 105 അംഗ മലയാളി മെഡിക്കൽ സംഘം യുഎഇയിൽ ചരിത്ര ദൗത്യവുമായി എത്തി. അത്യാഹിത പരിചരണ നഴ്‌സുമാരും പാരാമെഡിക്കൽ വിദഗ്ധരും അടക്കമുള്ള സംഘമാണ് ഇന്നു രാവിലെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. എത്തിഹാദ് എയർവേയ്സിന്റെ ചാർട്ടഡ് വിമാനത്തിലായിരുന്നു അടിയന്തര സേവനത്തിനായി കൊച്ചിയിൽ നിന്ന് യുഎഇയിലേക്കുള്ള സംഘത്തിന്റെ യാത്ര. അതിരാവിലെ 4.30 ന് ആണ് മെഡിക്കൽ സംഘവുമായി വിമാനം യാത്രയായത്. 

ഇരു രാജ്യങ്ങളിലെയും സർക്കാരുകളുടെ പൂർണ പിന്തുണയോടെയുള്ള യാത്ര ഇന്ത്യയും യുഎഇയും തമ്മിലുള്ള മികച്ച ഉഭയകക്ഷി ബന്ധത്തിന്റെ കൂടി സൂചനയായി. നേരത്തെ ഇന്ത്യയിൽ നിന്ന് 88 അംഗ മെഡിക്കൽ സംഘം യുഎഇയിലെത്തിയിരുന്നു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം ആരോഗ്യമേഖലയിൽ നടപ്പാക്കിയതിന്റെ മികച്ച ഉദാഹരണമാണിതെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പറഞ്ഞു. "മഹാമാരിക്കെതിരായ പോരാട്ടത്തിൽ കൂട്ടായ പ്രവർത്തനങ്ങൾ കരുത്തേകുമെന്നു നമ്മൾ എല്ലായ്പ്പോഴും ഊന്നിപറഞ്ഞിട്ടുണ്ട്. ഇതെങ്ങനെ പ്രാവർത്തികമാക്കാമെന്നാണ് ഇന്ത്യയും യുഎഇയും ഇപ്പോൾ കാണിച്ചുതരുന്നത്. നമ്മുടെ രാഷ്ട്രങ്ങൾ പങ്കുവയ്ക്കുന്ന കരുത്തുറ്റ ദീർഘകാല ബന്ധത്തെ തുടർന്നാണ് ഇതു സാധ്യമായത്. " -അദ്ദേഹം കൂട്ടിച്ചേർത്തു. 

സംഘത്തിൽ 75 പേരെ പുതുതായി റിക്രൂട്ട് ചെയ്തതാണ്. അടിയന്തര പരിചരണത്തിൽ വൈദഗ്ധ്യമുള്ള നഴ്സുമാർ, ഡോക്ടർ, പാരാമെഡിക്കുകൾ എന്നിവർ ഇതിലുണ്ട്. ഇതിനു പുറമെ യുഎഇയിലെ ആരോഗ്യ രംഗത്ത് പ്രവർത്തിച്ചു പരിചയ സമ്പന്നരായ 30 പേരും. അവധിക്ക് നാട്ടിൽ വന്നു ലോക്ക് ഡൗൺ കാരണം തിരിച്ചു പോവാനാകാതെ നാട്ടിൽ കുടുങ്ങിയതാണിവർ.

കോവിഡിനെതിരായ പോരാട്ടത്തിൽ പങ്കുചേരാൻ ആരോഗ്യരംഗത്ത് അനുഭവസമ്പത്തുള്ള മെഡിക്കൽ സംഘത്തെ ലഭ്യമാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് വിപിഎസ് ഹെൽത്ത്കെയർ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. നബീൽ ഡിബൗണി പറഞ്ഞു.  കോവിഡിനെ നേരിടാൻ യുഎഇ സർക്കാർ നിരവധി നടപടികളാണ് കൈക്കൊള്ളുന്നത്. സർക്കാരിനെ പിന്തുണയ്ക്കാനുള്ള നടപടികളുടെ തുടർച്ചയായാണ് മെഡിക്കൽ സംഘത്തെ ഇന്ത്യയിൽ നിന്ന് എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മെഡിക്കൽ സംഘത്തെ കൊണ്ടുവരാൻ സഹായിച്ച യുഎഇ, ഇന്ത്യൻ സർക്കാരുകൾക്കും അദ്ദേഹം നന്ദി പറഞ്ഞു. ഇന്ത്യൻ എംബസി, ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത്, മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് ആൻഡ് ഇന്റർനാഷണൽ കോപ്പറേഷൻ, ഇന്ത്യൻ സർക്കാർ എന്നിവരുടെ പൂർണ പിന്തുണയാണ് തുടക്കം മുതൽ ദൗത്യത്തിന് ലഭിച്ചിരുന്നത്. 

വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലിന്റെ അഭ്യർഥനയെ തുടർന്ന് കേന്ദ്ര വിദേശകാര്യ, ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങൾ യാത്രയ്ക്ക് ആവശ്യമായ അനുമതികൾ നൽകിയിരുന്നു. ലോക്ക്ഡൗൺ  നിയന്ത്രണങ്ങൾക്കിടെ മെഡിക്കൽ സംഘത്തിലെ അംഗങ്ങളെ യാത്രയ്ക്കായി കൊച്ചിയിൽ എത്തിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസും സഹായിച്ചു. വിവിധ ജില്ലകളിൽ താമസക്കാരായ ഇവരെ പ്രത്യേകം ഏർപ്പാടാക്കിയ കെഎസ്ആർടിസി ബസുകളിലാണ് ഞായറാഴ്ച കൊച്ചിയിൽ എത്തിച്ചത്.  സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ മെഡിക്കൽ സംഘത്തിലുള്ളവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. പിസിആർ പരിശോധനയിൽ എല്ലാവരുടെയും സാമ്പിളുകൾ നെഗറ്റിവ് ആണെന്ന് ഉറപ്പാക്കിയ ശേഷമാണ് യാത്ര.

കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കുമായി യുഎഇയിൽ വിപിഎസ് ഹെൽത്ത്കെയർ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്രൂപ്പിന് കീഴിലുള്ള ഭൂരിഭാഗം ആശുപത്രികളിലും കോവിഡ് ചികിത്സയ്ക്ക് പ്രത്യേക സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. യുഎഇയിലെ ഏറ്റവും വലിയ കോവിഡ് പരിശോധന പദ്ധതിയായ നാഷണൽ കോവിഡ് സ്ക്രീനിങ് പ്രോജക്ടിലെ സ്വകാര്യ പങ്കാളിയാണ് വിപിഎസ്. അബുദാബിയിലെ പുതിയ ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റി കോവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റി. 

മെഡിക്കൽ സംഘത്തിലുണ്ടായിരുന്ന അംഗങ്ങളുടെ വിശദാംശങ്ങൾ : PDF 


post

മടങ്ങിയെത്തുമെന്ന ദൃഢനിശ്ചയത്തോടെ കാശ്മീരികള്‍ സ്വദേശത്തേക്ക് യാത്ര തിരിച്ചു

21st of May 2020

''കോവിഡ് പ്രതിസന്ധി അവസാനിച്ച്, എല്ലാം പൂര്‍വ്വസ്ഥിതിയിലാകുന്നതോടെ ഞങ്ങള്‍ മടങ്ങിയെത്തും, ഞങ്ങള്‍ക്ക് ഇവിടം പൂര്‍ണ്ണമായി ഉപേക്ഷിക്കാനാകില്ല" കുമളിയില്‍ നിന്ന് കാശ്മീരിലേയ്ക്ക് മടങ്ങുന്ന ശ്രീനഗര്‍ സ്വദേശി ഇംതിയാസ് അഹമ്മദ് ഷായുടെ വാക്കുകളാണിത്. തങ്ങള്‍ വര്‍ഷങ്ങളായി താമസിച്ച് ഉപജീവനം നടത്തിയ, തങ്ങളുടെ കുഞ്ഞുമക്കള്‍ ജനിച്ചു വളര്‍ന്ന കുമളിയെ മറക്കാനാകില്ലെന്നും കോവിഡ് മഹാമാരിക്ക് ശമനമായി ബിസിനസ് പുനരാരംഭിക്കാനായാല്‍ ഉടന്‍ മടങ്ങിയെത്തുമെന്നും കാശ്മീരിലേയ്ക്ക് മടങ്ങുന്ന ഓരോരുത്തരുടെയും കണ്ണുകള്‍ പറയാതെ പറഞ്ഞു.

തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കെത്തുന്നവര്‍ക്ക് കരകൗശല വസ്തുക്കളും ഹാന്‍ഡ് വര്‍ക്ക് ഡ്രസുകളുമായി കുമളിയില്‍ സ്ഥാപനങ്ങള്‍ നടത്തിയിരുന്ന കാശ്മീരികളാണ്   സ്വദേശത്തേയ്ക്ക് മടങ്ങിയത്. കോവിഡ് രോഗബാധ  ടൂറിസം മേഖലയെ സാരമായി ബാധിച്ചതോടെ ഇവരുടെ വ്യാപാരവും പൂര്‍ണ്ണമായും തകര്‍ന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ സ്വദേശത്തേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. കോവിഡ് നാലാം ഘട്ട ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്നാണ് ഇവര്‍ക്ക് മടക്കയാത്രയ്ക്ക് അവസരമൊരുങ്ങിയത്.  കുമളിയില്‍ നിന്നും 101 കാശ്മീരികളാണ് സ്വദേശമായ കാശ്മീര്‍ വാലിയിലേയ്ക്ക് ഇന്നലെ (20/5/20) വൈകിട്ട് അഞ്ചേമുക്കാലോടെ  യാത്ര തിരിച്ചത്.  ഇതില്‍ കൊച്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഇരുപതോളം കുടുംബങ്ങളുണ്ട്. പുരുഷന്‍മാര്‍ -56, സ്ത്രീകള്‍ -21, കുട്ടികള്‍ - 24 എന്നിങ്ങനെയാണ് മടങ്ങിയവരുടെ എണ്ണം.

കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ച് കുമളി ബസ് സ്റ്റേഷനില്‍ തയ്യാറാക്കിയ പ്രത്യേക കൗണ്ടറില്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചും പ്രാഥമിക പരിശോധന നടത്തിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി, യാത്രാവേളയില്‍ കഴിക്കുവാന്‍ ഭക്ഷണ കിറ്റും കുടിവെള്ളവും നല്കിയാണ് ജില്ലാ ഭരണകൂടം ഇവരെ   കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്രയാക്കിയത്. ഇവര്‍ക്കായുള്ള ഭക്ഷണ കിറ്റും വെള്ളവും വിതരണ ഉദ്ഘാടനം ഇടുക്കി ആര്‍ ഡി ഒ അതുല്‍ .എസ്. സ്വാമിനാഥ് നിര്‍വഹിച്ചു. ബസ് ചാര്‍ജ് ഈടാക്കാതെ  മൂന്ന്  ബസുകളിലായിട്ടാണ് ഇവരെ  എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. തൊടുപുഴയില്‍ നിന്നും ആറ് ഹിമാചല്‍ പ്രദേശുകാരും നാല് പഞ്ചാബികളും ഇവരോടൊപ്പം മടങ്ങുന്നുണ്ട്. ഇടുക്കി ജില്ലാ സര്‍വേ സൂപ്രണ്ട് എസ്.അബ്ദുള്‍ കലാം ആസാദ് ഇവരെ ട്രെയിനില്‍ കയറ്റി യാത്രയാക്കുന്നതു വരെ ഒപ്പമുണ്ട്.

എറണാകുളത്തു നിന്നും രാത്രി 11.50 ന് തിരുവനന്തപുരം - ഉദംപൂര്‍ ടെയിനില്‍ യാത്ര തുടരുന്ന ഇവര്‍ 23 ന് ഉച്ചയ്ക്ക് 1.55 ന് കാശ്മീരിലെ  ഉദംപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. പഞ്ചാബിലെ സിര്‍ഹിന്ദ്, ഹിമാചല്‍ പ്രദേശിലെ കണ്ട്രോറി , കശ്മീരിലെ ഉദംപൂര്‍ എന്നീ മൂന്നു സ്റ്റോപ്പുകളാണ് ട്രെയിന് അനുവദിച്ചിട്ടുള്ളത്.

സംസ്ഥാനത്തു നിന്നും ആകെ 761 കാശ്മീരികളാണ് ഈ ട്രെയിനില്‍ സ്വദേശത്തേയ്ക്ക് മടങ്ങുന്നത്. കൊച്ചി-310, വര്‍ക്കല - 85, തിരുവനന്തപുരം - 230, ആലപ്പുഴ-30, കുമളി - 100, കോഴിക്കോട് - 6 എന്നിങ്ങനെയാണ് ഇവരുടെ എണ്ണം.

ഇരുപത് വര്‍ഷത്തോളമായി കുമളിയില്‍ സ്ഥിരതാമസക്കാരാണ് ഇന്നലെ മടങ്ങിയ കാശ്മീരികളില്‍ ഭൂരിഭാഗവും. ഇവരുടെ കുട്ടികളില്‍ പലരും ഇവിടെ ജനിച്ചവരാണ്. ഇവിടുത്തെ സ്‌കൂളുകളിലാണ് പഠിക്കുന്നത്. എല്ലാ വര്‍ഷവും സ്‌കൂള്‍ അവധിക്കാലത്താണ് ഇവര്‍ സ്വദേശത്ത് പോയി ബന്ധുക്കളെ സന്ദര്‍ശിച്ചിരുന്നത്. ഇത്തവണ ഇപ്പോള്‍ പോകുന്നുവെങ്കിലും സ്‌കൂളുകളില്‍ അധ്യയനം ആരംഭിക്കുന്നതോടെ മടങ്ങിയെത്താമെന്ന പ്രതീക്ഷയാണിവര്‍ക്കുള്ളത്. ലോക്ക് ഡൗണിലും  കേരളം നല്‍കിയ സുരക്ഷിതത്വം വലുതാണെന്നും ആരോഗ്യമേഖലയില്‍ കേരളം ഏറ്റവും മികച്ചതാണെന്നും തിരിച്ചു വരാനുള്ള മടക്കം മാത്രമാണിതെന്നും അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു.

വീഡിയോ: https://youtu.be/GGP-HDUWq4o



post

വരകളില്‍ കോവിഡ് പ്രതിരോധ സന്ദേശവുമായി കാര്‍ട്ടൂണ്‍ മതില്‍

17th of May 2020

കോട്ടയം: അക്ഷര നഗരീ മറക്കരുത് മൂന്നക്ഷരം... എന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ബോര്‍ഡിലേക്ക് കൈചൂണ്ടുന്ന അധ്യാപിക. അവിടെ തെളിഞ്ഞു നില്‍ക്കുന്നത് എസ്.എം.എസ്(സോപ്പ്, മാസ്ക്, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് അഥവാ സാമൂഹിക അകലം) എന്നീ അക്ഷരങ്ങള്‍. തൊട്ടപ്പുറത്ത് കൊറോണയോട് നയം വ്യക്തമാക്കുന്ന മോഹന്‍ലാല്‍- കൈ കഴുകുന്ന സോപ്പും വായ മൂടുന്ന മാസ്കും..അടുക്കാനാവില്ല നിനക്ക്. അകലമാണ് പുതിയ അടുപ്പം എന്ന് വ്യക്തമാക്കി അകലത്തില്‍നിന്ന് പ്രണയിനിക്ക് സാനിറ്റൈസര്‍ നീട്ടുന്ന കാമുകനും നല്‍കുന്നത് ജാഗ്രതയുടെ സന്ദേശമാണ്.

കോവിഡ്-19നെതിരെ കേരളം പടുത്തുയര്‍ത്തിയ പ്രതിരോധ മുന്നേറ്റത്തിന്റെ കാഴ്ച്ചകളാണ് കോട്ടയത്തെ കാര്‍ട്ടൂണ്‍ മതിലില്‍ നിറഞ്ഞു നില്‍ക്കുന്നത്. സംസ്ഥാന സാമൂഹിക സുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്നാണ് ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. കൊറോണയ്ക്കെതിരായ പോരാട്ടത്തിന്റെ  മുന്നണിയിലുള്ള ആരോഗ്യ പ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരുമൊക്കെ വരകളില്‍ ഇടംപിടിച്ചു.

കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി അനൂപ് രാധാകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി സുരേഷ് ഡാവിഞ്ചി, സുഭാഷ് കല്ലൂര്‍, രതീഷ് രവി, ഇ.വി. പീറ്റര്‍, പ്രസന്നന്‍ ആനിക്കാട്, വി.ആര്‍. സത്യദേവ്, അനില്‍ വേഗ, അബ്ബ വാഴൂര്‍, ഷാജി സീതത്തോട് എന്നിവരാണ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് എതിര്‍വശത്തുള്ള പൊതുമരാമത്ത് വകുപ്പ് ഓഫീസിന്റെ മതിലില്‍ കാര്‍ട്ടൂണുകള്‍ വരച്ചത്.

കൊറോണ പ്രതിരോധനത്തിനായുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് പരിപാടി നടത്തിയത്. കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് മാസ്കും സാനിറ്റൈസറും വിതരണം ചെയ്ത് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ജനറല്‍ ആശുപത്രിയിലെ ആര്‍.എം.ഒ ഡോ. ഭാഗ്യശ്രീ തുടങ്ങിയവര്‍ സന്നിഹിതരായി.

സാമൂഹിക സുരക്ഷാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോജി ജോസഫ്, കോ-ഓര്‍ഡിനേറ്റര്‍മാരായ നൗഫല്‍, ട്രീസ ജോസഫ്, എസ്. സംഗീത, ഗീതുരാജ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


post

തുടർച്ചയായി കോവിഡ് പോസിറ്റീവായ 81 കാരന് രോഗമുക്തി

16th of May 2020

* രോഗമുക്തനാകുന്നത് 42 ദിവസങ്ങൾക്ക് ശേഷം

കോവിഡ് പരിശോധനാഫലം തുടർച്ചയായി പോസിറ്റീവായതിനെത്തുടർന്ന് 42 ദിവസമായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 81കാരൻ കോവിഡ് രോഗമുക്തി നേടി. ചികിത്സാ കാലയളവിൽ 16 തവണയാണ് അദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയത്. ഒരേ പി.സി.ആർ ലാബിൽ നിന്നും തുടർച്ചയായി രണ്ട് പരിശോധനാ ഫലങ്ങൾ നെഗറ്റീവായതിന് ശേഷമാണ് അദ്ദേഹത്തെ ഇന്ന് ഡിസ്ചാർജ്ജ് ചെയ്തത്. 60 വയസിന് മുകളിൽ ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുമ്പോൾ ഗുരുതരാവസ്ഥയിലായ 81 വയസുകാരനെ കോവിഡിൽ നിന്നും ചികിത്സിച്ച് ഭേദമാക്കിയ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുൾപ്പെടെയുള്ള എല്ലാ ജീവനക്കാരേയും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ദീർഘനാളായി വീട്ടിൽ നിന്നുതന്നെ ദിവസവും 15 മണിക്കൂറോളം പ്രത്യേകമായി ഓക്സിജൻ സ്വീകരിക്കേണ്ടിവന്നിരുന്ന ഘട്ടത്തിലായിരുന്നു കോവിഡ് വൈറസ് ബാധയുമുണ്ടായത്. ഹൃദയസംബന്ധമായ ചികിത്സയ്ക്കൊപ്പം പ്രായാധിക്യം കൊണ്ടുള്ള മറ്റ് പ്രശ്നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ചികിത്സയ്ക്കിടെ ഹൃദയാഘാതം ഉണ്ടായെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞു. ഒരേ സമയം കോവിഡ് ഉൾപ്പടെ ഒന്നിലേറെ ഗുരുതര അസുഖങ്ങളുള്ള അദ്ദേഹത്തെ ദിവസങ്ങളോളം ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക കോവിഡ് ഐ.സി.യുവിൽ ചികിത്സിച്ചു.

ഇതോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേരത്തേ ചികിത്സ തേടിയ എല്ലാ കോവിഡ് രോഗികളും ആശുപത്രി വിട്ടു. നിലവിൽ മൂന്നാംഘട്ടത്തിൽ അസുഖം ബാധിച്ച് കഴിഞ്ഞദിവസം മഹാരാഷ്ട്രയിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി മാത്രമാണ് ചികിത്സയിലുള്ളത്. 38 കോവിഡ് പോസിറ്റീവ് രോഗികളെയാണ് ഇതിനോടകം ചികിത്സിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും രോഗമുക്തമാക്കിയത്. ഇതിൽ 9 ഗർഭിണികളും രണ്ട് വയസിന് താഴെ മാത്രം പ്രായമുള്ള രണ്ട് കുട്ടികളുമുണ്ട്. കേരളത്തിലാദ്യമായി കോവിഡ് രോഗമുക്തി നേടിയശേഷം പ്രസവിച്ചതും രണ്ട് വയസിന് താഴെയുള്ള കുട്ടി രോഗമുക്തമാവുന്നതും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു.

ചികിത്സ തേടിയവരിൽ, കോവിഡ് ബാധയോടൊപ്പം ഗുരുതരമായ മറ്റ് അസുഖങ്ങൾ ബാധിച്ചും ചികിത്സ ആവശ്യമുള്ളവരുമുണ്ടായിരുന്നു. ഇതിൽ, സ്ട്രോക്കും ഹൃദയസംബന്ധമായ അസുഖവുമുള്ളവരും പ്രായത്തിന്റെ പ്രശ്നങ്ങൾ അലട്ടിയവരും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയവരും ഉണ്ടായിരുന്നു.


post

വാത്സല്യ കൂട്ടിലേക്ക് കളക്ടർ എത്തി, കരുതൽ ഏറ്റുവാങ്ങാൻ.....

15th of May 2020

രാപ്പകലില്ലാത്ത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആണ് എറണാകുളം കളക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്നതെങ്കിലും വാത്സല്യ ഭവനത്തിൽ ഇന്ന് എത്താതിരിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. കോവിഡ് പ്രവർത്തനങ്ങൾക്കായി വടുതല വാത്സല്യ ഭവൻ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ കരുതലോടെ കാത്തുവെച്ച തുക സ്വീകരിക്കാനായിരുന്നു കളക്ടർ എത്തിയത്. ഒപ്പം മുൻപ് നൽകിയ വാക്ക് പാലിക്കൽ കൂടിയായി അത്.

കോവിഡ് വ്യാപനം ആരംഭിച്ച സമയം മുതൽ വാത്സല്യ ഭവനിലെ കുട്ടികൾ പ്രതിരോധത്തിനായി മാസ്കുകൾ നിർമിച്ചു തുടങ്ങിയിരുന്നു. ഏപ്രിൽ 21ന് അവർ നിർമിച്ച മാസ്കുകൾ കളക്ടർക്ക് കൈ മാറുകയും ചെയ്തു. കളക്ടർക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള മാസ്കും അതിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിലൂടെ വിവരങ്ങൾ മനസിലാക്കിയ നിരവധി പേർ അഭിനന്ദനവും സഹായവുമായി മുന്നോട്ട് വരികയും ചെയ്തു.

ലോകം തന്നെ കോവിഡ് ഭീഷണിയിൽ പൊരുതുമ്പോൾ തങ്ങളാൽ ആവുന്ന സഹായം ചെയ്യണമെന്ന കുട്ടികളുടെ ആഗ്രഹം കൂടിയാണ് ഡോൺ ബോസ്കോ സന്യാസ കൂട്ടായ്മക്ക് കീഴിൽ വരുന്ന എറണാകുളം വിമലാലയത്തിലെ പ്രവർത്തകർ ആണ് അവരുടെ ആഗ്രഹം പൂർത്തീകരിച്ചു നൽകിയത്. കുട്ടികളുടെ പ്രവർത്തനങ്ങളെ കുറിച്ച് കേട്ടറിഞ്ഞ നിരവധി പേർ അവർക്കായി നൽകിയ സഹായങ്ങൾ സ്വരൂപിച്ചു കിട്ടിയ 18000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ മാറിയത്.

പതിമൂന്നിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള 21 കുട്ടികൾ ആണ് വാത്സല്യ ഭവനിൽ ഉള്ളത്. അവരിൽ 15 പേരാണ് മാസ്ക് നിർമാണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ അവധി കാലത്തും ഏർപ്പെട്ടിരിക്കുന്നത്.

മാസ്കുകൾ കൈ മാറിയപ്പോൾ കുട്ടികളെ കാണാനായി എത്തുമെന്ന് കളക്ടർ നൽകിയ വാക്ക് കൂടി ഇന്ന് യാഥാർഥ്യമായി. കുട്ടികൾക്ക് എംബ്രോയിഡറി, തയ്യൽ, സംഗീതോപകരങ്ങൾ എന്നിവയിൽ വാത്സല്യ ഭവനിൽ പരിശീലനം നൽകുന്നുണ്ട്. തങ്ങളുടെ കഴിവുകൾ നാടിന് ഗുണകരമായ രീതിയിൽ ഉപയോഗിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് അവർ.


post

ജന്മനാടിൻ്റെ സുരക്ഷയിൽ ഷാഹിന പെൺകുഞ്ഞിന് ജന്മം നൽകി

14th of May 2020

സൗദി അറേബ്യയിൽ നിന്നുമെത്തിയ പ്രവാസി യുവതിക്ക് കളമശ്ശേരി മെഡിക്കൽ കോളേജിൽ സിസേറിയൻ പ്രസവം. കൊല്ലം സ്വദേശിനി ഷാഹിനയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്.

കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും പ്രവാസികളെ തിരിച്ചെത്തിക്കുന്ന ദൗത്യമാണ് ഷാഹിനയെ ജന്മനാട്ടിലെത്തിച്ചത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിലെത്തിയ ദമാം- കൊച്ചി വിമാനത്തിലാണ് വന്നത്.

പൂർണ്ണ ഗർഭിണിയായ ഷാഹിനയോടൊപ്പം അഞ്ചും രണ്ടും വയസുള്ള മക്കളുമുണ്ടായിരുന്നു. ഭർത്താവ് അഹമ്മദ് കബീർ സൗദി അറേബ്യയിൽ നിർമ്മാണമേഖലയിൽ ജോലി ചെയ്യുകയാണ്.

വിമാനത്താവളത്തിൽ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതു മൂലം കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. വിമാനത്താവളത്തിൽ നിന്നും ആരോഗ്യ പ്രവർത്തകരാണ് ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചത്. അടിയന്തര അവസ്ഥയിൽ കളമശ്ശേരിയിലെ ഗൈനക്കോളജി മേധാവി ഡോ. രാധയുടെ നേതൃത്വത്തിൽ ഡോ.അഞ്ജു വിശ്വനാഥ്, ഡോ.അനിൽകുമാർ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടികളെയും അമ്മയെയും കോവിഡ് പരിശോധനയും നടത്തി. എല്ലാവരും നെഗറ്റീവ് ആണ്.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നടത്തുന്ന രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി ജില്ലയിലെത്തി പ്രസവിച്ച രണ്ടാമത്തെ യുവതിയാണ് ഷാഹിന.

കഴിഞ്ഞ ദിവസം നേവി കപ്പലിൽ മാലിദ്വീപിൽ നിന്നുമെത്തിയ തിരുവല്ല സ്വദേശിനി ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. വിദേശത്തു നിന്നും കൊണ്ടുവരുന്നവരിൽ ഗർഭിണികൾക്ക് മുൻഗണന നൽകണമെന്ന് സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടിരുന്നു.

പോസിറ്റീവ് , നെഗറ്റീവ് പ്രസവമുറികൾ: ഗർഭിണികൾക്ക് മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ

എറണാകുളം: വിദേശത്തു നിന്നും എത്തുന്ന ഗർഭിണികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇവർക്കായി കൂടുതൽ സൗകര്യം ഏർപ്പെടുത്തി. നാലുനിലകളിലായാണ് സമ്പർക്ക വിലക്കിൽ കഴിയേണ്ടി വരുന്ന ഗർഭിണികൾക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രസവ തീയതി അടുത്തവർക്കും മറ്റ് അസ്വസ്ഥതകൾ അനുഭവിക്കുന്ന ഗർഭിണികൾക്കും ആശുപത്രിയിൽ ചികിത്സ ഒരുക്കിയിട്ടുണ്ട്.

അടിയന്തര ചികിത്സ ആവശ്യമായി വരുന്നവർക്ക് പ്രത്യേക പരിഗണന നൽകി സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ തന്നെ കോവിഡ് പോസിറ്റീവ് ആയവർക്കും നെഗറ്റീവ് ആയവർക്കും പ്രത്യേക സജ്ജീകരണങ്ങളാണ്. ഇവർക്കായി പ്രത്യേക പ്രസവമുറികളും ഉണ്ട്. കോവിഡ് പോസിറ്റീവ് പ്രസവമുറികളും കോവിഡ് നെഗറ്റീവ് പ്രസവമുറികളും നിലവിലെ സാഹചര്യത്തിൽ തയാറാക്കിയതാണ്.

പ്രസവശേഷമുള്ള ശുശ്രൂഷകൾക്കും പ്രത്യേക മുറികളാണുള്ളത്. നവജാത ശിശു പരിചരണത്തിലും ശ്രദ്ധ പുലർത്തുന്നു. കോവിഡ് പോസിറ്റീവ് ആയ ശിശുക്കളെയും നെഗറ്റീവ് ആയ ശിശുക്കളെയും പരിചരിക്കാൻ പ്രത്യേക എൻ.ഐ.സി.യുകളും സജ്ജമാക്കിയിട്ടുള്ളതായി ആർ.എം.ഒ ഡോ.ഗണേഷ് മോഹൻ പറഞ്ഞു.

പ്രവാസികൾക്കായി വിമാന സർവീസ് ആരംഭിച്ചത് മുതൽ 343 ഗർഭിണികളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഇന്ത്യൻ നേവിയുടെ ഓപ്പറേഷൻ സമുദ്ര സേതു ദൗത്യത്തിൽ ഐ.എൻ.എസ് ജലാശ്വ യുദ്ധക്കപ്പലിൽ 19 ഗർഭിണികളും നാട്ടിലെത്തി. ഇതിൽ രണ്ടു പേർക്ക് അടിയന്തരമായി സിസേറിയൻ പ്രസവം നടത്തിയിരുന്നു.

മറ്റു ശാരീരിക ബുദ്ധിമുട്ടുകളില്ലാത്ത ഗർഭിണികളെ വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയാനാണ് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ പ്രസവ തീയതി അടുത്തവരും ഗർഭ സംബന്ധമായ പ്രയാസങ്ങൾ നേരിടുന്നവർക്കും ആശുപത്രിയുടെ സേവനം അത്യാവശ്യമാണ്. ഇക്കാരണത്താലാണ് കളമശ്ശേരി മെഡിക്കൽ കോളജിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പാടാക്കിയിരിക്കുന്നത്.



post

എറണാകുളം ജില്ലയിലെ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാരുടെ ലോക്ക് ഡൗൺ കാലത്തെ...

13th of May 2020

എറണാകുളം ജില്ല - വനിതാ ശിശു വികസന വകുപ്പ് സൈക്കോ സോഷ്യൽ സർവ്വീസിലെ 68വനിതാ കൗൺസിലേഴ്സ് അടങ്ങുന്ന ടീം ഈ ലോക്ഡൗണിലും സജീവമായി ടെലികൗൺസിലിംഗ് സേവനം നടത്തി വരികയാണ്. വിദേശത്തുനിന്നോ ഇതര സംസ്ഥാനങ്ങളിൽ നിന്നോ ഇതര ജില്ലകളിൽ നിന്നോ തിരിച്ചെത്തി ഹോം - ക്വാറൻ്റെയിനിലോ ഐസൊലേഷനിലോ കഴിയുന്നവർക്കാണ് ഈ സേവനമിപ്പോൾ ലഭ്യമായിവരുന്നത്.മാനസിക സമ്മർദ്ദം, അമിതോത്കണ്ഠ, വിഷാദാവസ്ഥ, ഉറക്കമില്ലായ്മ, തുടങ്ങിയ മോശം നിലകളിലേക്കുള്ള സ്വഭാവിക പതനങ്ങളിൽനിന്നും കൈപിടിച്ചുയർത്താൻ കൗൺസിലേഴ്സിൻ്റെ ഈ ഇടപെടലിലൂടെ സാധിക്കുന്നുണ്ട്. കൃത്യമായി ഫോളോ- അപ്പുകൾ നടത്തുന്നതിലും ഇവർ ശ്രദ്ധിക്കുന്നു .ഒറ്റക്കായി പോകുന്ന വയോജനങ്ങൾക്ക് ഏറെ ആശ്വാസം കൊടുക്കാനും ഇവരുടെ സേവനം വിനിയോഗിക്കുന്നുണ്ട്..ഏറ്റെടുക്കുന്ന മാനസിക സംഘർഷങ്ങൾക്കുള്ള പരിഹാര നിർദ്ദേശം മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും ശിശുവികസന പദ്ധതി ഓഫീസർ,വാർഡ്മെമ്പർ,അങ്കണവാടി,ആശപ്രവർത്തകർ എന്നിവർ വഴിസഹായങ്ങൾ എത്തിക്കാനും ഈ ഫോൺ കോളുകൾ സഹായകമാകാറുണ്ട്.

ജില്ലാ മാനസികാരോഗ്യ പദ്ധതിയോടൊപ്പം സഹകരിച്ച് നോഡൽ ഓഫീസർ ഡോ.സൗമ്യ രാജ് ,ജില്ലയിലെ വനിതാ-ശിശുവികസന വകുപ്പ് ഓഫീസർ ജെബിൻ ലോലിതാ സെയ്നിൻ്റെയും പ്രോഗ്രാം ഓഫീസർ മായാ ലക്ഷ്മിയുടെയും പൂർണ പിന്തുണയോടെയാണ് എറണാകുളം കൗൺസിലേഴ്സ് പ്രവർത്തനത്തിനിറങ്ങിയത്.നാളിതുവരെ ക്വാറന്റൈനിൽ കഴിഞ്ഞ8500 ആളുകൾക്കും ഒറ്റപ്പെട്ടുകഴിയുന്ന 1000 -ത്തോളം വയോജനങ്ങൾക്കും ഈ സേവനം പ്രയോജനപ്രദമായി.

എറണാകുളം ജില്ലയിലെ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാരുടെ ലോക്ക് ഡൗൺ കാലത്തെ അനുഭവക്കുറിപ്പുകൾ

--------------------------------------------------

അഖില എം.എസ്  -സൈക്കോ സോഷ്യൽ സ്കൂൾ കൗൺസലർ

രണ്ട് ടെലികോളിങ്ങ് കൂടി പൂർത്തിയാക്കിയാൽ അന്നത്തെ ഡ്യൂട്ടി കഴിയുമെന്ന് ഓർത്താണ് ഞാൻ ആ കാൾ വിളിച്ചത്. കോഴിക്കോട് നിന്ന് ' എറണാകുളം വന്നത് കൊണ്ട് ക്വാറൻറയിനിൽ കുടുങ്ങി പോയത് ഏറെ വിഷമത്തോടെ പറഞ്ഞു ആ ചെറുപ്പക്കാരൻ. കൂട്ടുകാരനും കൂടെ ഉണ്ട്.. അവർ അന്ന് രാവിലെ ഒന്നും കഴിച്ചിട്ടില്ല എന്നും ഫൂഡ് സപ്ലൈ നിർത്തി എന്ന് അത്രയും ദിവസം തന്നവർ പറഞ്ഞു എന്നും കൈയ്യിൽ പൈസ ഇല്ലാത്തത് കൊണ്ട് ഫൂഡ് കഴിച്ചിട്ടില്ല എന്നും അവർ പറഞ്ഞ്.... ആ പ്രായത്തിലുള്ള എൻ്റെ അനിയനെയാണ് പെട്ടന്ന് ഓർമ്മ വന്നത്. എനിക്ക് കണ്ണ് നിറഞ്ഞു....

ഞാൻ അടുക്കളയിൽ ഫൂഡ് ഉണ്ടക്കുന്നതിനടിയിലുള്ള സമയത്തിനാണ് വിളിച്ചത്. രാവിലെ തൊട്ട് ഒന്നും കഴിചില്ലന്ന് അവർ പറഞ്ഞപ്പോൾ പാചകം മതിയാക്കി പെട്ടന്ന് തന്നെ ഞങ്ങളുടെ പ്രോഗ്രാം ഓഫീസർ മായാ മാഡത്തെ വിവരമറിയിച്ചു. അര മണിക്കൂർ പോലും എടുക്കാതെ അവർ നാട്ടിൽ പോകുന്നത് വരെയുള്ള കാലയളവ് വരെ ഭക്ഷണം അവർക്ക് എത്തിക്കാൻ നടപടി സ്വീകരിച്ചു.. പിന്നീടുള്ള ദിവസങ്ങളിലെല്ലാം അവർ ഭക്ഷണം കഴിച്ചോ എന്ന് കൃത്യമായി ഉറപ്പാക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.നാട്ടിൽ പോകുന്ന കാര്യം ഇടയ്ക്ക് ചോദിച്ചപ്പോൾ ഇൗ നാട് ഇപ്പൊ വിട്ടു പോകാൻ തോന്നുന്നില്ല...നിങ്ങളൊക്കെ അത്രയും നല്ല സ്നേഹം ഉള്ളവരല്ലെ എന്ന് ചോദിച്ചു ചിരിച്ചു. ദൈവമേ മനസ് നിറയുന്നു ഇങ്ങനെയൊരു ജോലി ഒരു നിയോഗമായി ഏറ്റെടുക്കുമ്പോൾ..

--------------------------------------------------

ഹണി വർഗീസ് - സ്കൂൾ കൗൺസിലർ ജി.വി.എച്ച് എസ് എസ് ഈസ്റ്റ് മാറാടി മൂവാറ്റുപുഴ അഡീഷണൽ ICDS

ഏപ്രിൽ 30 തീയതി ഉച്ചയോട് കൂടി തിരുവനന്തപുരത്ത് നിന്നും സുഹൃത്തായ സമീർ സിദ്ദീഖിന്റെ ഫോൺ കാൾ. സാധാരണയായി വിളിക്കുന്നത് പോലെ സുഖാന്വേഷണ കാളെന്നാണ് കരുതിയത്. പക്ഷെ കാര്യങ്ങൾ കേട്ടപ്പോഴാണ് അതിന്റെ ഗൗരവം മനസിലായത്.

തിരുവനന്തപുരം കിളിമാനൂരിനടുത്ത് നഗരൂർ എന്ന സ്ഥലത്ത് ഏകദേശം 67 വയസുള്ള ഒരു വൃദ്ധൻ നാല് ദിവസമായി ആഹാരം പോലും കഴിക്കാതെ റോഡിന് വശത്തായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അമ്പാടി എന്ന യുവാവ് തന്റെ അധ്യാപകനെ വിവരം അറിയിച്ചു. അധ്യാപകന്റെ നിർദേശപ്രകാരം പോലീസ് സ്റ്റേഷനിലും , ആരോഗ്യ കേന്ദ്രത്തിലും ആ വൃദ്ധനെ കൊണ്ട് പോയെങ്കിലും അവർ സ്വീകരിച്ചില്ല. ആ സാഹചര്യത്തിലാണ് എന്റെ സുഹൃത്തായ അധ്യാപകൻ എന്നെ വിളിയ്ക്കുന്നത്.ഉടൻ തന്നെ ഞാൻ തിരുവനന്തപുരത്തെ സ്കൂൾ കൗൺസിലറായ പ്രേമയുടെ നമ്പർ കൊടുക്കുകയും, പ്രേമയുടെ സമയോചിതമായ ഇടപെടലിലൂടെ ജില്ലാ സാമൂഹ്യനീതി ഓഫീസർ ശ്രീ.തമ്പി സാറിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ഇടപെടലിലൂടെ ആ വൃദ്ധനെ തൊട്ടടുത്ത കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രാഥമിക പരിശോധന നടത്തിയിട്ട് 14 ദിവസത്തെ സെൽഫ് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.

വഴിയിൽ കിടന്ന് വിശന്ന് മരിക്കേണ്ട ഒരു മനുഷ്യജീവന് രണ്ടാം ജന്മം നൽകാൻ സാഹചര്യമൊരുക്കിയ പ്രവർത്തനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒത്തിരി അഭിമാനം തോന്നിയ നിമിഷം. Proud to be a Councillor.

--------------------------------------------------

സിനി ജോസ് - സൈക്കോ സോഷ്യൽ സ്കൂൾ കൗൺസലർ. ഐ സി ഡി എസ് കൂവപ്പടി

വനിതാ ശിശു വികസന വകുപ്പ് സൈക്കോ സോഷ്യൽ സപ്പോർട്ടിൻ്റെ ഭാഗമായി വയോജനങ്ങൾക്കുള്ള ടെലി കൗൺസലിങ്ങ്‌ കൊടുക്കുന്നതിനാണ് ഞാൻ ആ അമ്മയെ വിളിച്ചത്. വിളിക്കുമ്പോൾ അമ്മ തനിച്ചാണ്.. ഏറെ അടുപ്പമുള്ളവരോട് സംസാരിക്കും പോലെ ഒരു പാട് വിശേഷങ്ങൾ പങ്കുവച്ചു.റിട്ടയേർഡ് ടീച്ചറാണ് ഭർത്താവ് മരിച്ച ശേഷം ഒരു ഒറ്റപ്പെടലിലാണ് എന്നൊക്കെയുള്ള വിഷമങ്ങളും കോവിഡിനെ കുറിച്ചുള്ള ആശങ്കകളും.. എന്നെ എന്നും വിളിക്കണമെന്ന് പറഞ്ഞാണ് അമ്മ ഫോൺ വച്ചത്.പിന്നീട് മിക്കവാറും ദിവസങ്ങളിൽ വിളിച്ച് സംസാരിച്ചു. മോളുടെ വിളി എനിക്ക് എത്ര ആശ്വാസമാണെന്നറിയാമോ... ലോക്ക് ഡൗണൊക്കെ കഴിയുമ്പോൾ എനിക്ക് മോളെ കണ്ട് സംസാരിക്കണം ഒരുപാട് കാര്യങ്ങൾ ഇനിയും പറയാനുണ്ടെന്ന് ആ അമ്മ പറഞ്ഞപ്പോൾ ഞാൻ ചെയ്യുന്നത് എത്രയോ പുണ്യമായ ഒരു ജോലിയാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതു പോലെ എത്ര അച്ഛന്മാരുടെയും അമ്മമാരുടെയും ആശ്വാസമാകാൻ ഒരു ശബ്ദ സാന്നിദ്ധ്യം കൊണ്ടെങ്കിൽ അത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ എന്ന തൃപ്തിയുമായാണ് എല്ലാം ദിവസവും ഞാനിപ്പോൾ ഉറങ്ങാറുള്ളത്.

--------------------------------------------------

മഹിത വിപിനചന്ദ്രൻ - സൈക്കോ സോഷ്യൽ കൗൺസലർ ഇടപ്പിള്ളി ഐസി ഡി എസ്

വനിത ശിശു വികസന വകുപ്പ് എറണാകുളം പ്രോഗ്രാം ഓഫീസർ മായാ മാഡത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ഞാൻ ആ ഏഴാം ക്ലാസുകാരനെ വിളിച്ചത്. വിളിക്കുമ്പോൾ വല്ലാത്ത സങ്കടത്തിലാണ് അവൻ സംസാരിച്ചത്.. അമ്മ യുകെയിൽ പോയി തിരിച്ചു വന്നത് കൊണ്ട് പെട്ടന്ന് ഒരു ദിവസം അടച്ചിട്ട ഫ്ലാറ്റിൽ ഇരിക്കേണ്ടി വന്നത് അവനെ ആകെ സംഘർഷത്തിലാക്കി. പുറത്തിറങ്ങാൻ വയ്യാതെയും കളിക്കാൻ പോകാൻ പറ്റാത്തതുമായ സാഹചര്യം അവൻ്റെ സന്തോഷം കെടുത്തി. പല തവണ അവനെ വിളിച്ച് വെറുതെ ഇരിക്കുന്ന സമയം കൂടുതൽ സർഗാത്മകമാക്കാനുള്ള ആശയങ്ങൾ പങ്കുവച്ചു. അവയെല്ലാം കൂട്ടി ചേർത്ത് ഒരു യൂട്യൂബ് വീഡിയോയും ആക്കി. അങ്ങനെ അവനിലൂടെ കോറെന്റയിൽ കഴിയുന്ന മറ്റു കുട്ടികൾക്ക് ഒരു പോസിറ്റീവ് എനർജി പകരുവാനും സാധിച്ചു.ആ കുഞ്ഞു മനസിൽ സന്തോഷം നിറഞ്ഞപ്പോൾ എനിക്കും എന്തെന്നില്ലാത്ത ആത്മസംതൃപ്തി.

--------------------------------------------------

അനുമോൾ പി.ആർ - സൈക്കോ സോഷ്യൽ കൗൺസലർ, ഐ.സി.ഡി.എസ് ,മൂവാറ്റുപുഴ

ടീച്ചറേ ,കുറച്ചൊക്കെ ടെൻഷനുണ്ട് ഇനീം വിളിച്ചോട്ടോ.....

ആരോഗ്യവകുപ്പിൽ നിന്നും നൽകുന്ന ക്വാറന്റയിനിൽ കഴിയുന്നവരുടെ ലിസ്റ്റ് അനുസരിച്ചാണ് വനിത ശിശുവികസന വകുപ്പ് - സൈക്കോ സോഷ്യൽ കൗൺസലർമാരിൽ ഒരാളായ ഞാൻ DMH P യുമായി സഹകരിച്ച് ക്വാറന്റയിൻ ൽ ക ഴിയുന്നവർക്ക് കൗൺസലിംഗ് നൽകിയത്, ഇതിൽ ദുബായിൽ നിന്നും വന്ന ഒരു അമ്മയും അവരുടെ 4 മക്കളും ഉണ്ടായിരുന്നു. ഇതിൽ മൂത്ത കുട്ടിയെ ക്വാറന്റയിൻ പിരീഡ് അവസാനിക്കാറായ സമയത്ത് രോഗലക്ഷണങ്ങളോടെ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. പിന്നീടുള്ള ദിനങ്ങൾ അമ്മയ്ക്കും മകനും മാറി മാറി കൗൺസലിംഗ് നൽകേണ്ടി വന്നു .രാത്രിയും പകലും എന്നില്ലാതെ വിളിച്ചു. " മേഡം, എന്റെ മകൻ പ്രത്യേക ഒരു മാനസികാവസ്ഥയിലാണ്, അവനെ ഇപ്പോൾ തന്നെ മേഡം ഒന്ന് വിളിക്കണം , അവൻ ,വീട്ടിലേക്ക് തിരിച്ച് വരാൻ പറ്റുമോ? എല്ലാ വരേയുo എനിക്കിനി കാണാൻ പറ്റുമോ എന്നൊക്കെയാണ് ചോദിക്കുന്നത് " _അമ്മയുടെ ഈ വാക്കുകളും ,മകനെ വിളിക്കുമ്പോൾ നിഷ്കളങ്കമായ കൗമാരത്തിന്റെ ഉത്കണ്Oയും, ഭയവും പിന്നെയുള്ള പറച്ചിലും " ടീച്ചർ വിളിക്കൂന്ന് ഉമ്മ പറഞ്ഞായിരുന്നു ഇനീം വിളിക്കണോ ട്ടോ കുറച്ചൊക്കെ ടെൻഷൻ എനിക്കുണ്ട് ,ഓരോന്ന് ഓർക്കുമ്പോൾ ഉള്ളിലെന്തോ ബുദ്ധിമുട്ടാ" .തുടർന്നുള്ള 8 ദിവസങ്ങൾ അവരോടൊപ്പം -ve റിസൽട്ടിനു വേണ്ടി ഞാനും കാത്തിരുന്ന ദിവസങ്ങളായിരുന്നു രാവും പകലും ഉമ്മയും മകനും ടെൻഷൻ തോന്നുമ്പോൾ വിളിക്കും .റിസൽട്ട് വന്നു നെഗറ്റീവ് ആണ് ടീച്ചറേ എന്നു പറഞ്ഞ് ആ കുട്ടി വിളിച്ചു.ഉടൻ തന്നെ അമ്മയും വിളിച്ച് ഒരു പാട് നന്ദിയുണ്ട് ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും ഓർമിക്കും എന്ന് അവർ പറഞ്ഞപ്പോൾ മനസു നിറഞ്ഞു. പറഞ്ഞറിയിക്കാനാവാത്ത ആത്മസംതൃപ്തിയുടെ നിമിഷങ്ങൾ ഞാനും അനുഭവിക്കുകയായിരുന്നു. ഇതു പോലെ എത്രയോ പേരിലേക്ക് ഒരാശ്വാസമായി കടന്നു ചെല്ലാൻ സാധിച്ചു എന്ന ഒരു നിറവ്...

--------------------------------------------------

കലാമണി എ.ആർ - സൈക്കോ സോഷ്യൽ കൗൺസലർ. ഐ.സി.ഡി.എസ് കൂവപ്പടി.

പതിവ് ടെലി കൗൺസലിങ്ങ്‌ ഡ്യൂട്ടി തുടങ്ങാൻ ലിസ്റ്റ് പരിശോധിക്കുന്നിടയിലാണ് ഒരു കാൾ ' മോളെ.. എൻ്റെ ശബ്ദം ഓർമ്മയുണ്ടോ? മോൾക്ക് സുഖമായോ?'ഞാൻ മറുപടി പറയും മുമ്പേ.. ആ അമ്മ പേര് പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ് വയോജനങ്ങൾക്കുള്ള സൈക്കോ സോഷ്യൽ സപ്പോർട്ട് കൊടുക്കുന്നതിൻ്റെ ഭാഗമായി ഞാൻ വിളിച്ചതാണ് ആ അച്ഛനെയും അമ്മയെയും.. മക്കൾ ഒപ്പമില്ല. സഹായിക്കാൻ ആരുമില്ല. മുടങ്ങാതെ കഴിക്കണമെന്ന് പറഞ്ഞ മരുന്ന് തീരാറായി എന്തു ചെയ്യണമെന്നറിയില്ല എന്ന് വിഷമത്തോടെ രണ്ടാളും പറഞ്ഞപ്പോൾ അവർക്ക് മരുന്ന് എത്തിക്കാനുള്ള നടപടികൾ ചെയ്യാൻ ഓഫീസിൽ അറിയിച്ചതു പ്രകാരം മരുന്ന് കിട്ടിയെന്ന് പറഞ്ഞ് ഒരു പാട് നന്ദി അറിയിച്ചതും ആരുമില്ലാത്ത ഞങ്ങളെ പോലുള്ളവരെ സഹായിക്കാൻ നിങ്ങളെ പോലുള്ളവരെ ദൈവം ചുമതലപ്പെടുത്തുന്നതാണെന്ന് ഒക്കെ പറഞ്ഞ ആ അച്ഛനെയും എനിക്ക് മറക്കാൻ സാധിക്കില്ല. അന്ന് വിളിക്കുന്നതിനിടയിൽ സംസാരം പലപ്പോഴും കട്ട് ആയപ്പോൾ എൻ്റെ വീടിനുള്ളിൽ റേഞ്ച് കുറവാണെന്നും സുഖമില്ലാതെ ബെഡ് റെസ്റ്റിൽ ആയതു കൊണ്ട് പുറത്തു ഇറങ്ങി നിന്ന് വിളിക്കാൻ പറ്റാത്തതു കൊണ്ടാണ് സംസാരം ഇടയ്ക്ക് മുറിഞ്ഞുപോകുന്നതെന്നും ഞാൻ ഇടയ്ക്കെപ്പോഴോ പറഞ്ഞത് ആ അമ്മ ഓർത്ത് വച്ചിരുന്നു.. വിളിച്ചതാണ്.. സുഖമായി അമ്മേ ന്ന് പറഞ്ഞപ്പോൾ മോൾക്ക് ഒന്നും വരൂല്ല ഞങ്ങള് പ്രാർത്ഥിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ആത്മാവ് നിറഞ്ഞതുകൊണ്ടാകണം.. എൻ്റെ കണ്ണുകളും പെട്ടന്ന് നിറഞ്ഞത്.. ദൈവമേ എത്രയോ ആളുകളുടെ ഹൃദയത്തെ ഇതു പോലെ തൊടാൻ സാധിച്ചു ഈ കോവിഡ് കാലത്ത്.. ആത്മസംതൃപ്തിയെന്നത് മറ്റുള്ളവർക്കു വേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ മാത്രമാണെന്നും അനുഭവിച്ചറിഞ്ഞു.

--------------------------------------------------

ശാന്തി രാജൻ - സൈക്കോ സോഷ്യൽ സ്കൂൾ കൗൺസലർ ഐ.സി.ഡി.എസ് കൂവപ്പടി.

രാത്രി ഒൻപതു മണിക്കു ശേഷം ആണ് ആ ഫോൺ കോൾ... ,'മാഡം എനിക്ക് ഇപ്പോ പുറത്തു പോകാൻ എന്തെങ്കിലും ചെയ്തു തരാൻ പറ്റുമോ? ഇല്ലങ്കിൽ ഞാൻ പോയി തൂങ്ങി ചത്തോളാം'.. ഞാൻ ഞെട്ടി പോയി. കുറച്ചു ദിവസങ്ങൾക്ക് മുൻപ് നിരീക്ഷണത്തിൽ കഴിയുന്നവരെ വിളിക്കുന്ന ഡ്യൂട്ടിയുടെ ഭാഗമായി ഞാൻ വിളിച്ചു സംസാരിച്ച ഒരു ചെറുപ്പക്കാരനാണ് ഫോണിൻ്റെ അങ്ങേ തലയ്ക്ക ൽ.ഞാനെന്തെങ്കിലും പറയും മുൻപ് അവൻ കോൾ കട്ട് ചെയ്യുകയും ചെയ്തു. ഞാൻ അപ്പോൾ തന്നെ തിരിച്ച് വിളിച്ചു കുറെ നേരം സംസാരിച്ചു.നിരീക്ഷണ കാലാവധി 14 ദിവസം തന്നത് വീണ്ടും 28 ദിവസമാക്കി നീട്ടിയതിനാൽ ഇനിയും പുറത്തിറങ്ങാൻ കഴിയില്ലന്നുള്ള ആശങ്കയും.. അസുഖം വരുമോ എന്ന പേടിയുമാണ് ചാകണമെന്ന ചിന്തയിലേക്ക് നയിച്ചതെന്ന് അവൻ പറഞ്ഞു. കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. പിന്നീട് നിരീക്ഷണ കാലാവധി കഴിയും വരെ പല തവണ വിളിച്ച് ധൈര്യം നൽകിയപ്പോൾ.. ആശങ്കകളകന്ന് അവൻ അങ്ങനെ ചിന്തിച്ചു പോയതിൽ ക്ഷമിക്കണമെന്നും പറഞ്ഞു... ഇതു പോലെ എത്രയോ ആളുകൾക്ക് ആശ്വാസമാകാൻ ഈ കോവിഡ് കാലത്ത് സാധിച്ചല്ലോ.. എന്ന ആത്മസംതൃപ്തി വളരെ വലുതാണ്.

--------------------------------------------------

ധന്യമോൾ. എസ് - ഇ.എം.ജി.എച്ച്.എസ്.എസ്, ഫോർട്ട് കൊച്ചി

'ഒരു നല്ല കൗൺസിലർ ഒരു നല്ല ശ്രോധാവായിരിക്കണം'....

ഈ കോവിഡ് കാലത്ത് ടെലി കൗൺസല്ലിങ് വഴി ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരുപാട് പേരുമായി സംസാരിക്കാൻ സാധിച്ചു... ക്വാറന്റൈനിലിരിക്കുന്നവർ, ആരോഗ്യപ്രവർത്തകർ, ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾ ഇവരുടെയൊക്കെ ക്ഷേമമന്വേഷിച്ച് വിളിക്കുമ്പോൾ, ' ഞങ്ങളെയും അന്വഷിക്കാൻ ആളുണ്ടല്ലോ, ഞങ്ങളുടെ വിഷമങ്ങൾ പറയാനും അതു കേൾക്കാനും വിളിച്ചു ചോദിക്കാനും തോന്നിയല്ലോ!! ' എന്നൊക്കെയുള്ള അവരുടെ സന്തോഷവാക്കുകൾ ഫോണിൽ കൂടിയാണെങ്കിലും, കാതങ്ങൾക്കിപ്പുറം ആണെങ്കിൽ കൂടിയും കേൾക്കുമ്പോൾ ഉണ്ടാകുന്ന ആ ഒരു പോസിറ്റീവ് വൈബ്രേഷൻ ഉണ്ടല്ലോ... അത്‌ ശരിക്കും നമ്മുടെ ഹൃദയത്തിൽ ഒരു ഷോക്കടിക്കുന്ന പ്രതീതിയാണ് ജനിപ്പിക്കുന്നുത്‌. വല്ലാത്തൊരു ആത്മസംതൃപ്തി നൽകും.

പലപ്പോഴും അമ്മമാരോട് സംസാരിക്കുമ്പോൾ നമ്മൾ സ്വയം പരിചയപ്പെടുത്തി വിശേഷങ്ങൾ ചോദിക്കുമ്പോഴേ അവരുടെ ആരൊക്കെയോ ആയി നമ്മളെ കണ്ട്‌, അവരുടെ കൊച്ച്‌ കൊച്ച് സന്തോഷങ്ങളും വിഷമങ്ങളും പരാതികളും എന്തിന്.. അടുത്ത വീട്ടിലെ അന്നാമ്മച്ചിയും ശകുന്തളയും അവരുടെ വിശേഷങ്ങളും വരെ പങ്കുവെയ്ക്കും. വെറുതെ മൂളികൊടുക്കാം എന്നല്ലാതെ ഒരു വാക്ക് പോലും അങ്ങോട്ട് സംസാരിക്കാൻ സമ്മതിക്കില്ല!!!! ആരോടും മിണ്ടാനില്ലാതെ ഒറ്റയ്ക്ക് കഴിയുന്ന ആ അമ്മമാരുടെ വിഷമം മാറ്റാൻ അത്രയ്‌ക്കെങ്കിലും സാധിച്ചല്ലോ... ഒരു നല്ല ശ്രോദ്ധാവാക്കാൻ പറ്റിയല്ലോ!!! അങ്ങനെ ഒരു വാക്ക് പോലും പറയാതെ, മറ്റൊരു കൗൺസലിങ് ടെക്‌നിക്കുകളും ഉപയോഗിക്കാതെ തന്നെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഇതിലും നല്ലൊരു മാർഗ്ഗം വേറെയില്ല...


post

ഒരു കാസര്‍ഗോഡന്‍ വിജയം; എല്ലാവരും രോഗമുക്തര്‍

10th of May 2020

ചികിത്സിച്ച് ഭേദമാക്കിയത് 178 കോവിഡ് രോഗികളെ

ഒരാളേയും മരണത്തിന് വിട്ടുകൊടുക്കാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയായി കാസര്‍ഗോഡ് മാറിയിരിക്കുകയാണ്. അവസാനത്തെ രോഗിയുടേയും പരിശോധനാഫലം നെഗറ്റീവായതോടെയാണ് കാസര്‍ഗോഡ് കോവിഡ് വിമുക്ത ജില്ലയായത്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 178 രോഗികളേയാണ് ചികിത്സിച്ച് ഭേദമാക്കിയത്. ഇതില്‍ വിദേശത്തുനിന്ന് വന്നവര്‍ 108 പേരും സമ്പര്‍ക്കത്തില്‍ കൂടി രോഗം പകര്‍ന്നവര്‍ 70 പേരും ആണ്. കാസര്‍ഗോഡ് ജില്ലാശുപത്രിയില്‍ 43 പേരെയും ജനറല്‍ ആശുപത്രിയില്‍ 89 പേരെയും കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ 24 പേരെയുമാണ് ചികിത്സച്ചത്. അതോടൊപ്പം പരിയാരം മെഡിക്കല്‍ കോളേജില്‍ 20 പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 2 പേരെയും ചികില്‍സിക്കുകയുണ്ടായി.

കേരളത്തിനഭിമാനമായി മികച്ച ചികിത്സ നല്‍കി എല്ലാവരേയും രോഗമുക്തിയാക്കിയ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഐ.ഡി.എസ്.പി. യൂണിറ്റ്, എന്‍.എച്ച്.എം. സ്റ്റാഫ്, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലെ ടീമുകള്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ നന്ദി അറിയിച്ചു. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജില്ലയിലെ കോവിഡ് പ്രതിരോധ സ്‌പെഷ്യല്‍ ഓഫീസറായ അല്‍കേഷ് കുമാര്‍ ശര്‍മ, ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതിവാമന്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. എ. ടി. മനോജ്, കാസര്‍ഗോഡ് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജേന്ദ്രന്‍, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് എന്നിവരുടെ ഏകോപനത്തില്‍ ജില്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഐ.ജി. വിജയ് സാക്കറുടെ നേതൃത്വത്തില്‍ പോലീസ് സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ഡ്രോണ്‍ നിരീക്ഷണത്തിലൂടെ സാമൂഹ്യ വ്യാപനം തടയുന്നതിനായി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കുകയും ചെയ്തു. ലോക് ഡൗണ്‍ ശക്തമായി നടപ്പിലാക്കി സമൂഹ വ്യാപനം തടയാന്‍ പ്രധാന പങ്ക് വഹിച്ച എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പുകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരേയും നന്ദി അറിയിക്കുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇനിയും രോഗികളെത്തുമെന്നതിനാല്‍ ഇതേ ജാഗ്രത തുടരണമെന്നും മന്ത്രി വ്യക്തമാക്കി.

ഒരുഘട്ടത്തില്‍ ഏറെ ആശങ്കയുണ്ടാക്കിയ ജില്ലയില്‍ നിന്നാണ് കാസര്‍ഗോഡ് മുക്തമാകുന്നത്. കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം വലിയ പ്രവര്‍ത്തനമാണ് കാസര്‍ഗോഡ് നടന്നത്. ചൈനയിലെ വുഹാനില്‍ കോവിഡ് ബാധ വ്യാപിച്ചപ്പോള്‍ തന്നെ ജില്ലയില്‍ ജാഗ്രതാ പൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജനുവരി 25ന് തന്നെ കോവിഡ് കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചു. ഫെബ്രുവരി മൂന്നിനാണ് കേരളത്തില്‍ മൂന്നാമതായി കാസര്‍കോട് ജില്ലയില്‍ വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനുമായി ശക്തിപ്പെടുത്തി. മാര്‍ച്ച് 12 മുതല്‍ സര്‍ക്കാര്‍ സര്‍ക്കാരിതര ആശുപത്രികളില്‍ കോവിഡ് ഹെല്‍പ്പ് ഡസ്‌ക്കുകള്‍ ആരംഭിച്ച് വിദേശത്തു നിന്നും വരുന്നവരുടെ വിവരശേഖരണം നടത്തി പ്രതിരോധ-അവബോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചു. മാര്‍ച്ച് 15 മുതല്‍ ജില്ലാ അതിര്‍ത്തികളിലും റെയില്‍വേ സ്‌റ്റേഷനികളിലും ഹെല്‍പ് ഡെസ്‌കുകളും സ്‌ക്രീനിംഗ് ക്യാമ്പുകളും ആരംഭിച്ചു. ബ്രേക്ക് ചെയിന്‍ ദ ക്യാമ്പയിന്‍ ശക്തമായി നടപ്പിലാക്കി.

മാര്‍ച്ച് 17 മുതലാണ് ജില്ലയില്‍ കോവിഡ് കേസുകള്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. തുടര്‍ന്ന് ടെലി കൗണ്‍സിലിംഗ് 5 ഹെല്‍പ് ഡെസ്‌കുകള്‍ എന്നീ സംവിധാനങ്ങള്‍ ഒരുക്കി കോവിഡ് സെല്‍ വിപുലീകരിച്ചു. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി. സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം നാല് ദിവസത്തിനുള്ളില്‍ മെഡിക്കല്‍ കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് അത്യാധുനിക സൗകര്യങ്ങളുള്ള 200 കിടക്കകളുള്ള കോവിഡ് ആശുപത്രിയായി സജ്ജീകരിച്ചു. മെഡിക്കല്‍ കോളേജിനായി 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ടീം, കോട്ടയം മെഡിക്കല്‍ കോളേജ് ടീം, ആലപ്പുഴ മെഡിക്കല്‍ കോളേജ് ടീം എന്നിവരുടെ നേതൃത്വത്തില്‍ ചികിത്സാ സേവനങ്ങള്‍ ഉറപ്പുവരുത്തി.

താഴെത്തട്ടില്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷണലഭ്യത ഉറപ്പു വരുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിക്കുകയും കൂടാതെ ആവശ്യമുള്ളവര്‍ക്ക് ഫുഡ് കിറ്റുകള്‍ നല്‍കുകയും ചെയ്തു. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനും അവരിലേക്ക് രോഗ പകര്‍ച്ച ഇല്ലാതിരിക്കുന്നതിനും വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ചികിത്സാ സേവനങ്ങളുടെയും ഫലമായി ഏപ്രില്‍ നാലോടുകൂടി ജില്ലയില്‍ കേസുകള്‍ കുറഞ്ഞുവരികയും കൂടുതല്‍ പേരെ ഡിസ്ചാര്‍ജ് ചെയ്യുവാനും തുടങ്ങി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സാമൂഹ്യ വ്യാപനം മനസിലാക്കുന്നതിന് ഗൃഹസന്ദര്‍ശന സര്‍വ്വേ ആരംഭിക്കുകയും രോഗ ലക്ഷണം ഉള്ളവരെ പരിശോധനയ്ക്ക് അയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 75 ലക്ഷവും കോവിഡ് പാക്കേജിലൂടെ അനുവദിച്ച 3.95 കോടി രൂപയും ജില്ലയ്ക്കനുവദിച്ചു. കൂടാതെ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനെ അത്യാധുനിക കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതിന് 7 കോടി രൂപ അനുവദിച്ചു.അതിര്‍ത്തികളില്‍ മേയ് 3 മുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടതോടുകൂടി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലക്കകത്തേക്ക് വരുന്ന ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാകുന്നതിന് തലപ്പാടി, കാലിക്കടവ് എന്നിവിടങ്ങളില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സംഘം ഈ സ്‌ക്രീനിങ് ക്യാമ്പുകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.


post

കാക്കിയുടെ കരുതലിന് നന്ദി പറയാന്‍ എട്ടുവയസ്സുകാരനും കുടുംബവും എത്തി

10th of May 2020

ഇക്കഴിഞ്ഞ രണ്ടാം തീയതി പാലക്കാടു ജില്ലയിലെ കരിങ്കല്‍ അത്താണി ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്തുകയായിരുന്ന നാട്ടുകല്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ അനില്‍ മാത്യുവിന്‍റെ ഒദ്യോഗിക ഫോണിലേക്കു വന്ന വിളിയാണ് സംഭവത്തിന് ആധാരം. പാമ്പുകടിയേറ്റ എട്ടു വയസ്സുള്ള തന്‍റെ മകനെ രക്ഷിക്കാന്‍ കേഴുന്ന മാതാവാണ് മറുവശത്ത്. ഭര്‍ത്താവ് ദൂരെയാണെന്നും വാടകവീട്ടില്‍ മറ്റാരുമില്ലായെന്നും മകനെ ആശുപത്രിയില്‍ എത്തിക്കാന്‍ എത്രയും പെട്ടെന്ന് വാഹന സൗകര്യം ലഭ്യമാക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം.

വാഹനപരിശോധനയുടെ ചുമതല മറ്റൊരു ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ച ശേഷം അന്‍വര്‍, റഫീഖ്, പ്രശാന്ത് എന്നീ പോലീസുകാരോടൊപ്പം എസ് ഐ സംഭവസ്ഥലത്തേക്ക് തിരിച്ചു. പാലോടുള്ള യുവതിയുടെ വീട്ടിലേക്കുള്ള പോകുന്നവഴി തന്നെ ഫോണില്‍ ബന്ധപ്പെട്ടു കുട്ടിയുമായി വീടിനു പുറത്തേക്കു വരാന്‍ ആവശ്യപ്പെട്ടു. കുട്ടിയുമായി വീടിനു പുറത്തു നിന്ന മാതാവിനെയും സഹായത്തിനായി എത്തിയ അയല്‍വാസിയെയും കയറ്റി ആശുപത്രിയിലേക്ക് പാഞ്ഞു.

എത്രയും പെട്ടെന്ന് മൗലാനാ ആശുപത്രിയില്‍ പോകണമെന്നായിരുന്നു കുട്ടിയുടെ അമ്മയുടെ ആവശ്യം. യാത്രാമധ്യേ പോലീസ് സംഘം മൗലാനാ ആശുപത്രിയിലെ പി ആര്‍ ഒ യും റിട്ടയേര്‍ഡ് എസ് ഐ യുമായ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടു. വിഷചികിത്സക്ക് നല്ലതു മലപ്പുറം ജില്ലയിലെ ഇ എം സ് ആശുപതിയാണെന്നാണ് അദ്ദേഹത്തില്‍ നിന്നും അറിഞ്ഞു.

ഇക്കാര്യം കുട്ടിയുടെ മാതാവിനെ അറിയിച്ചെങ്കിലും തന്‍റെ കയ്യില്‍ അത്രയും പൈസ ഇല്ലായെന്നും ആകെയുള്ളത് ആയിരം രൂപയാണെന്നും മാത്രമല്ല താന്‍ മുന്‍പ് നേഴ്സ് ആയി മൗലാനാ ആശുപത്രിയില്‍ ജോലി ചെയ്തിട്ടുണ്ടെന്നും ആ ഇളവില്‍ തനിക്കു അവിടെനിന്നും സഹായം ലഭിക്കുമെന്നുമായിരുന്നു അവരുടെ പ്രതീക്ഷ.

ഉടന്‍ തന്നെ എസ്.ഐ അനില്‍മാത്യു കൂടെയുള്ള പൊലീസുകാരനായ റഫീഖില്‍ നിന്നും അഞ്ഞൂറ് രൂപയും തന്‍റെ കൈയ്യില്‍ നിന്നും ആയിരം രൂപയും ശേഖരിച്ചു കുട്ടിയുടെ അമ്മയെ ഏല്‍പ്പിച്ചു. കൂടാതെ പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള അതിര്‍ത്തി ജില്ലയായ മലപ്പുറത്തെ പെരിന്തല്‍മണ്ണയിലുള്ള ഇ എം എസ് മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചശേഷം പോലീസ് സംഘം തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങി.

സംഭവം കഴിഞ്ഞു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എസ് ഐ അനില്‍ മാത്യുവിന്‍റെ ഫോണിലേക്കു ഒരു വിളി വന്നു. പാമ്പുകടിയേറ്റു ഇ എം എസ് ആശുപത്രയില്‍ ചികിത്സയിലുള്ള കുട്ടിയുടെ പിതാവാണെന്നും മകനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപതി അധികൃതര്‍ അറിയിച്ചെന്നും പറഞ്ഞു. ബില്‍ തുകയായി ഏകദേശം മുപ്പത്തിനായിരത്തോളോം രൂപയാകുമെന്നും തന്‍റെ കയ്യില്‍ ഇരുപതിനായിരം രൂപ മാത്രമേ ഉള്ളൂ വെന്നും ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു ബില്‍ തുക കുറയ്ക്കുന്നതിന് സഹായിക്കണമെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.

ഒട്ടുംതാസമിക്കാതെ സ്റ്റേഷനിലെ സഹപ്രവര്‍ത്തകരോട് വിവരമറിയച്ച് എല്ലാവരുടേയും സഹായത്തോടെ പതിനായിരത്തോളം രൂപ സ്വരൂപിച്ച് എസ്.ഐ യുടെ സുഹൃത്ത് വഴി ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലേക്ക് പോയ സുഹൃത്ത് തിരികെ വന്നത് രോഗ മുക്തി നേടിയ കുട്ടിയും മാതാപിതാക്കളുമായാണ്. തങ്ങളെ ആപത് ഘട്ടത്തില്‍ സഹായിച്ച എസ് ഐയെ നേരിട്ട് കണ്ടു നന്ദി അറിയിക്കുന്നതിനും ബില്‍ തുക കഴിഞ്ഞുള്ള പണം തിരികെ എസ്.ഐയ്ക്ക് മടക്കിനല്‍കാനുമാണ് ആ കുടുബം സ്റ്റേഷനിലെത്തിയത്. നിറഞ്ഞചിരിയോടെ നാട്ടുകാല്‍ പോലീസ് ആ കുടുംബത്തെ സ്വീകരിച്ചു.

വനം വകുപ്പില്‍ നിന്നു പാമ്പ് കടിയേല്‍ക്കുന്നവര്‍ക്കു ലഭിക്കുന്ന സഹായധനത്തിന്‍റെ വിശദാംശങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അടുത്തുള്ള അക്ഷയ കേന്ദ്രം വഴി അപേക്ഷ സമര്‍പ്പിക്കുന്നതിന് വേണ്ട സൗകര്യം ലഭ്യമാക്കിയുമാണ് പോലീസുകാര്‍ ആ നിര്‍ധന കുടുംബത്തെ യാത്രയാക്കിയത്.


post

അനാമികയ്ക്ക് കമ്മല്‍ പ്രിയപ്പെട്ടത് തന്നെ; പക്ഷെ, ഇനി അത് ദുരിതാശ്വാസ നിധിയിലേക്ക്

5th of May 2020

മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ വാര്‍ത്താ സമ്മേളനം മുടങ്ങാതെ കാണുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരില്‍ ഒരാള്‍ മാത്രമായിരിക്കും മലപ്പുറം മഞ്ചേരിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അനാമിക. പതിവ്‌പോലെ വാര്‍ത്താ സമ്മേളനം കേട്ടിരുന്ന അനാമിക അമ്മയോട് തന്റെ ആഗ്രഹം അറിയിച്ചു. രണ്ട് വര്‍ഷം മുമ്പ് പിറന്നാളിന് തന്റെ അച്ഛന്‍ സമ്മാനിച്ച തനിക്കേറ്റവും പ്രിയപ്പെട്ട സ്വര്‍ണ കമ്മല്‍ ഇനി അണിയുന്നില്ല. പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണം. കുഞ്ഞ് അനാമികയുടെ ആഗ്രഹം കേട്ട അധ്യാപിക കൂടിയായ അമ്മയ്ക്ക് അത് തങ്ങളുടെയും നാടിന്റെയും അത്യാവശ്യമാണെന്ന് മനസ്സിലാക്കാന്‍ അധിക സമയം വേണ്ടി വന്നില്ല. 

സ്വര്‍ണ കമ്മലുമായി അനാമിക സഹോദരന്‍ അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥിയായ അഭിനവിനോടൊപ്പം നേരെ ജില്ലാ കലക്ടറുടെ അരികിലെത്തി. അനാമികയുടെ ആഗ്രഹം മനസ്സിലാക്കിയ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് സ്‌നേഹപൂര്‍വ്വം അനാമികയെ അരികിലേക്ക് വിളിച്ചു. തന്റെ പക്കലുള്ള കമ്മല്‍ സ്വീകരിക്കണമെന്നും അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്നെ നല്‍കണമെന്നും അനാമിക കലക്ടറോട് ആവശ്യപ്പെട്ടു. വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ജില്ലാ കലക്ടര്‍ സന്തോഷത്തോടെ അത് ഏറ്റുവാങ്ങി. നന്നായി പഠിക്കണമെന്ന ഉപദേശത്തിന് തലകുലുക്കി സമ്മതമറിയിച്ച് അനാമിക വീട്ടിലേക്ക് മടങ്ങി.

സൗദി അറേബ്യയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായ കെ.ജി സുരേഷ് കുമാറിന്റെയും മംഗലശ്ശേരി സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ അധ്യാപികയായ കെ. പ്രീതയുടെയും മകളാണ് 12 വയസുകാരി അനാമിക. നല്ല നര്‍ത്തകി കൂടിയായ അനാമിക നിരവധി ഹ്രസ്വ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വിരമിച്ച വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സാധാരണക്കാര്‍ തുടങ്ങിയവരുള്‍പ്പടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് സംഭാവന നല്‍കിയിട്ടുണ്ട്.


post

കേരളത്തോട് നന്ദി പറഞ്ഞ് വിദേശികള്‍ ജന്മനാട്ടിലേക്ക്

1st of May 2020

കോവിഡ് 19ല്‍ നിന്നും മുക്തിനേടിയ റോബര്‍ട്ടോ ടൊണോസോ നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷം ജന്മനാട്ടിലേക്ക് മടങ്ങി. തിരുവനന്തപുരത്തു നിന്നും ബംഗലൂരുവിലേക്കും അവിടെ നിന്നും ഇറ്റലിയിലേക്കുമാണ് റോബര്‍ട്ടോ ടൊണോസോ പോകുന്നത്. എല്ലാവരും ഇങ്ങനെ സുഖപ്പെട്ട് പോകുന്നത് കാണുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്ന് ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍ പറഞ്ഞു. കേരളത്തില്‍ നിന്നും യാത്ര തിരിക്കുന്നതിനു മുന്‍പ് റോബര്‍ട്ടോ ടൊണോസോയുമായി ആരോഗ്യമന്ത്രി വീഡിയോ കോള്‍ വഴി സംസാരിച്ചു. കോവിഡിന്റെ രണ്ടാം ഘട്ടത്തില്‍ വര്‍ക്കലയില്‍ ഏറെ ആശങ്കയുണ്ടാക്കിയ വ്യക്തിയാണ് ഇദ്ദേഹം.

മാര്‍ച്ച് 13നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കി. നിരീക്ഷണത്തിലായിരുന്ന സമയത്ത് ഇദ്ദേഹം നിരവധി സ്ഥലങ്ങളില്‍ യാത്രനടത്തിയതും എവിടെയൊക്കെ പോയി ആരോടെല്ലാം സമ്പര്‍ക്കം പുലര്‍ത്തി എന്ന് പറയാന്‍ അറിയാത്തതും ഭാഷയുമെല്ലാം സമ്പര്‍ക്ക ലിറ്റ് ഉണ്ടാക്കാന്‍ വലിയ ബുദ്ധുമുട്ടുണ്ടാക്കി. അവസാനം ഇറ്റാലിയന്‍ ഭാഷ അറിയുന്ന ആളിന്റെ സഹായത്തോടെയാണ് സമ്പര്‍ക്ക ലിസ്റ്റുണ്ടാക്കിയത്. 126 പേരുടെ നീണ്ട സമ്പര്‍ക്ക ലിസ്റ്റാണ് ഉണ്ടായിരുന്നത്. ഗുരുതരമായ മറ്റസുഖങ്ങളും ഉണ്ടായിരുന്ന റോബര്‍ട്ടോ ടൊണോസോയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് മികച്ച ചികിത്സയാണ് മെഡിക്കല്‍ കോളേജില്‍ നല്‍കിയത്.

കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി രോഗമുക്തി നേടിയതിനെ തുടര്‍ന്ന് മാര്‍ച്ച് 25ന് ഡിസ്ചാര്‍ജ് ചെയ്തു. രോഗം ഭേദമായെങ്കിലും നിരീക്ഷണം തുടരേണ്ടതുണ്ടായിരുന്നു. ഇദ്ദേഹത്തെ ഹോട്ടലില്‍ താമസിപ്പിച്ചാല്‍ വീണ്ടും പുറത്ത് പോകാന്‍ സാധ്യതയുള്ളതിനാല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷമാണ് ജനറല്‍ ആശുപത്രിയില്‍ നിന്നും യാത്രതിരിച്ചത്.


post

കേരളത്തിൽ നിന്ന് രോഗമുക്തനായി ആശുപത്രി വിട്ട ആദ്യ വിദേശിയായി ബ്രിട്ടീഷ് പൗരന്‍...

30th of April 2020

രോഗമുക്തനായി ബ്രിട്ടീഷ് പൗരന്‍ ബ്രയാന്‍ നീല്‍ ആണ് ആശുപത്രി വിട്ട ആദ്യ വിദേശി. കളമശ്ശേരി മെഡിക്കല്‍ കോളേജിന് അഭിമാനനിമിഷമായിരുന്നു അത്. കോവിഡിന്റെ പിടിയില്‍ നിന്ന് കഠിനശ്രമത്തിലൂടെയാണ് ബ്രയാന്റെ ജീവന്‍ തിരിച്ചുപിടിച്ചത്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ മാര്‍ച്ച് 15നാണ് കോവിഡ് 19 പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് 57 കാരനായ ബ്രയാനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ജെയ്ന്‍ ലോക്ക് വുഡും ഒപ്പമുണ്ടായിരുന്നു. ഗുരുതരമായ ന്യുമോണിയ ബാധിച്ച നിലയിലായിരുന്നു ബ്രയാന്‍ അപ്പോള്‍. ഇത് രൂക്ഷമായതിനെ തുടര്‍ന്ന് രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞു. ശ്വാസോച്ഛാസം അപകടനിലയിലേക്ക് എത്തുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെ ബ്രയാന് ആന്റി വൈറല്‍ മരുന്നുകളായ റിറ്റോനാവിര്‍, ലോപിനാവിര്‍ കോമ്പിനേഷന്‍ നല്‍കി. 14 ദിവസം ഇത് തുടര്‍ന്നു. വൈറല്‍ ഫില്‍റ്റര്‍ ഘടിപ്പിച്ച ഇന്റര്‍ഫേസ് വെന്റിലേഷനാണ് ബ്രയാന് നല്‍കിയത്. മരുന്നുകള്‍ നല്‍കി മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതി വന്നു. പക്ഷേ പനി വിട്ടുമാറിയില്ല.

എക്സ്‌റേകളില്‍ അദ്ദേഹത്തിന്റെ ഇടത് ലംഗ്സ് പൂര്‍ണ്ണമായും വലത് ലംഗ്സ് ഭാഗികമായും ന്യൂമോണിയ പടര്‍ന്നതായി കണ്ടെത്തി. ചികിത്സ തുടര്‍ന്നു. ഏഴ് ദിവസമായപ്പോള്‍ ന്യൂമോണിയ കുറഞ്ഞു വന്നു. ഇതോടെ പനിയും കുറഞ്ഞു. കോവിഡ് 19 പരിശോധനാഫലവും നെഗറ്റീവായി . ഈ കാലയളവില്‍ സി.ടി.സ്‌കാന്‍ ഉള്‍പ്പടെയുള്ള സേവനങ്ങളും ലാബ് പരിശോധനകളും നടത്തി. കഴിഞ്ഞ അഞ്ചു ദിവസമായി സ്വയം ശ്വാസം എടുക്കുകയും രക്തത്തില്‍ ഓക്സിജന്റെ അളവ് 97 ശതമാനമാവുകയും ചെയ്തു. ആരോഗ്യ നില തൃപ്തിയായതിനെ ബ്രയാന്‍ നീലിനെ ഡിസ്ചാര്‍ജ് ചെയ്തത്.